വേനൽ കനക്കുന്നു; തീപിടുത്തങ്ങൾ വർധിക്കുന്നു
1532533
Thursday, March 13, 2025 5:51 AM IST
പേരാമ്പ്ര: വേനലിന്റെ കാഠിന്യം കൂടി വരുന്നതനുസരിച്ച് അഗ്നിബാധകളും വർധിച്ചുവരുന്നു. പേരാമ്പ്ര അഗ്നി രക്ഷാ നിലയത്തിന്റെ പരിധിയിൽ രണ്ടിടങ്ങളിലാണ് കഴിഞ്ഞ ദിവസം ഉച്ചയ്ക്കുശേഷം തീപ്പിടുത്തം ഉണ്ടായത്.
ചെറുവണ്ണൂർ പഞ്ചായത്ത് എടക്കയിൽ സബ് സെന്ററിന് സമീപം സ്വകാര്യ വ്യക്തിയുടെ ഒന്നര ഏക്കറോളം വരുന്ന സ്ഥലത്തെ അടിക്കാടുകളും തെങ്ങിൻതോട്ടവും ഭാഗികമായി കത്തി നശിച്ചു. സ്റ്റേഷൻ ഓഫീസർ സി.പി. ഗിരീശൻ, സീനിയർ ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ എൻ. ഗണേശൻ എന്നിവരുടെ നേതൃത്വത്തിൽ എത്തിയ ഒരു യൂണിറ്റ് നാട്ടുകാരുടെ സഹായത്തോടെ തീ അണച്ചു.
നൊച്ചാട് ചാത്തോത്ത് താഴെ മേപ്പാട് മറിയം എന്നിവരുടെ സ്ഥലത്താണ് മറ്റൊരു തീ പിടുത്തം. അടിക്കാടുകൾക്കും ഉണക്ക പുല്ലുകൾക്കും തീ പിടിക്കുകയായിരുന്നു. വിവരം ലഭിച്ചതിനെ തുടർന്ന് പേരാമ്പ്രയിൽ നിന്നും അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർ എം. പ്രദീപൻ, സീനിയർ ആൻഡ് റെസ്ക്യു ഓഫീസർ കെ.ടി. റഫീഖ് എന്നിവരുടെ നേതൃത്വത്തിൽ എത്തിയ ഒരു യൂണിറ്റ് തീ അണച്ചു.
കെ. ശ്രീകാന്ത്, അരുൺ പ്രസാദ്, പി.എം. വിജേഷ്, എം. ജയേഷ്, കെ.കെ. ഗിരീഷൻ, ഹോം ഗാർഡ് എ.സി. അജീഷ് എന്നിവരും നാട്ടുകാരും രക്ഷാപ്രവർത്തനത്തിൽ പങ്കെടുത്തു.