അനുമതിയില്ലാതെ ആന എഴുന്നള്ളിപ്പ് നടത്തിയവർക്കെതിരേ നടപടി സ്വീകരിക്കും
1532504
Thursday, March 13, 2025 5:18 AM IST
കോഴിക്കോട്: അനുമതി നേടാതെ ആനയെ എഴുന്നള്ളിച്ച് ഉത്സവം സംഘടിപ്പിച്ച ബാലുശേരി പൊന്നാരംതെരു ശ്രീ മഹാഗണപതി ക്ഷേത്രത്തിലെ അമ്പല കമ്മിറ്റിക്കും ഉത്സവ നടത്തിപ്പുകാർക്കുമെതിരേ അറസ്റ്റ് ഉൾപ്പെടെയുള്ള കർശന നടപടികൾ സ്വീകരിക്കാൻ നാട്ടാന പരിപാലന കമ്മിറ്റി തീരുമാനം. ബന്ധപ്പെട്ടവർക്ക് എതിരേ നേരത്തേ കേസെടുക്കുകയും ഉത്തരവ് കൈമാറുകയും ചെയ്തതാണ്.
വിലക്ക് ലംഘിച്ച് ഉത്സവം നടത്തിയത് കണക്കിലെടുത്താണ് നടപടി. ഇത് സംബന്ധിച്ച് റൂറൽ എസ്പി ക്ക് നിർദ്ദേശം നൽകി. ഉത്സവത്തിൽ എഴുന്നള്ളിച്ച ബാലുശേരി ഗജേന്ദ്രൻ എന്ന ആനയുടെ ഉടമസ്ഥനെതിരേ 2021, 2023 വർഷങ്ങളിലും പരാതികൾ ലഭിച്ചിരുന്നതായും യോഗത്തിൽ ചൂണ്ടിക്കാട്ടി.
നിലനിൽക്കുന്ന പരാതികളും ആന എഴുന്നള്ളിപ്പ് സംബന്ധിച്ച സുപ്രീംകോടതി വിധികളും പരിശോധിച്ച് ജില്ലാ ഫോറസ്റ്റ് ഓഫീസർ ജില്ലാ കളക്ടർക്ക് റിപ്പോർട്ട് സമർപ്പിക്കും. അതിന്റെ അടിസ്ഥാനത്തിൽ ആനയെ പിടിച്ചെടുക്കുന്നതുൾപ്പെടെയുള്ള തുടർനടപടികളിൽ തീരുമാനം കൈക്കൊള്ളും. ഇന്നലെ രാവിലെ ജില്ലാ കളക്ടർ സ്നേഹിൽ കുമാർ സിംഗിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് തീരുമാനം.