അനാരോഗ്യകരമായ ഭക്ഷണശീലം രോഗാതുരമായ ജനതയെ സൃഷ്ടിക്കും: മന്ത്രി പി. പ്രസാദ്
1532823
Friday, March 14, 2025 5:09 AM IST
കോഴിക്കോട്: മലയാളികളുടെ അനാരോഗ്യകരമായ ഭക്ഷണ ശീലവും ജീവിതശൈലിയും രോഗാതുരമായ ഒരു ജനതയെ സൃഷ്ടിക്കുകയാണെന്ന് കൃഷി മന്ത്രി പി. പ്രസാദ്. കായക്കൊടി ഗ്രാമപഞ്ചായത്ത് ജനകീയാസൂത്രണം 2024-25 പദ്ധതിയില്‍ നടപ്പാക്കിയ പച്ചക്കറി കൃഷിയുടെ വിളവെടുപ്പ് ഉദ്ഘാടനം തളീക്കര മാങ്ങോട്ട് വയലില്‍ നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി.
പുതിയ ഭക്ഷണ സംസ്കാരം, അനാരോഗ്യകരമായ ജീവിതശൈലി എന്നിവ ഇന്ന് മലയാളികള്‍ക്കിടയില്‍ വ്യാപകമായിരിക്കുന്നു. ഇത് രോഗാതുരമായ ഒരു ജനതയെ സൃഷ്ടിക്കും എന്നുള്ളതുകൊണ്ട് സര്‍ക്കാര്‍ ഗൗരവമായാണ് കാണുന്നത്. വിഷവും മായവും കലര്‍ന്ന ഭക്ഷ്യ പദാര്‍ത്ഥങ്ങളില്‍ നിന്ന് മലയാളി പിന്തിരിയേണ്ടതുണ്ട്.
"ഞങ്ങളും കൃഷിയിലേക്ക്' എന്ന പദ്ധതിയുടെ ഭാഗമായി രൂപീകരിക്കപ്പെട്ട കൃഷിക്കൂട്ടങ്ങളുടെയും കര്ഷകോല്പാദക സംഘങ്ങളുടെയും നേതൃത്വത്തില്‍ സമഗ്ര കാര്‍ഷിക വികസനത്തിനായി സംസ്ഥാന കൃഷിവകുപ്പ് നടപ്പിലാക്കുന്ന വിവിധ പദ്ധതികളിലൂടെ നാം ഇന്ന് പച്ചക്കറി ഉല്‍പ്പാദനത്തില്‍ സ്വയം പര്യാപ്തതയോട് അടുക്കുകയാണ്. വിവിധ പദ്ധതികളിലൂടെ ഓരോ പ്രദേശത്തെയും തരിശുനിലങ്ങള്‍ വിളകള്‍ ഇറക്കി ഹരിതാഭമാക്കാന്‍ സാധിക്കും.
പഴം, പച്ചക്കറി മറ്റ് ധാന്യ- നാണ്യവിളകള്‍ എന്നിവ ജൈവ രീതിയില്‍ ഉത്പാദിപ്പിക്കുന്നതിനു അനുയോജ്യമായ ആവാസവ്യവസ്ഥയാണ് നമുക്കുള്ളത്. പച്ചക്കറി, പഴം, കിഴങ്ങുവര്‍ഗവിളകള്‍ എന്നിവയില്‍ സ്വയം പര്യാപ്തത കൈവരിക്കാന്‍ കേരളത്തിന് കഴിയുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. ഇ.കെ. വിജയന് എംഎല്‍എ അധ്യക്ഷത വഹിച്ചു.