16 കോടിയുടെ വികസനം; പുതിയാപ്പ മിനുങ്ങുന്നു
1532527
Thursday, March 13, 2025 5:51 AM IST
കോഴിക്കോട്: ജില്ലയിലെ പ്രധാന മത്സ്യബന്ധന തുറമുഖമായ പുതിയാപ്പയില് 16 കോടി ചെലവിട്ടുള്ള ഹാർബർ നവീകരണവും ആധുനികവൽകരണ പ്രവൃത്തികളും പുരോഗമിക്കുന്നു.
60 ശതമാനം തുക കേന്ദ്രസർക്കാരും 40 ശതമാനം കേരളസർക്കാരുമാണ് ചെലവിടുന്നത്. ഇതിന് പുറമെ 5.63 കോടി ചെലവിട്ട് ഹാർബറിനകത്ത് അടിഞ്ഞുകൂടിയ മണൽ നീക്കുന്ന പ്രവൃത്തിയും (ഡ്രഡ്ജിംഗ്) നടക്കുന്നുണ്ട്. വാർഫിന്റെയും ലേലഹാളിന്റെയും ആധുനികവൽക്കരണവും റോഡുകളുടെയും ഡ്രൈനേജുകളുടെയും നിർമാണവും പൂർത്തിയായിവരുന്നു.
മത്സ്യം സൂക്ഷിക്കാനുള്ള ശീതീകരണമുറി. ഹാർബറിനകത്തുള്ള സാമഗ്രികളുടെ യന്ത്രവൽക്കരണവും മാലിന്യപ്ലാന്റുകളും നിരീക്ഷണസംവിധാനങ്ങളും ഉടൻ യാഥാർഥ്യമാവും.2022-ൽ സംസ്ഥാനത്തെ ഏറ്റവും വലിയ രണ്ട് ഫിംഗർ ജെട്ടികൾ സംസ്ഥാന സർക്കാർ 12 കോടി ചെലവിൽ നിർമിച്ചിരുന്നു.
നൂറുമീറ്ററിലധികം നീളവും 8.45 മീറ്റർ വീതിയുമുള്ള കൈവിരൽ മാതൃകയിലുള്ള ജെട്ടി വന്നതോടെ ഹാർബറിൽ മുന്നൂറോളം ബോട്ടുകൾ നിർത്തിയിടാനുള്ള സൗകര്യമായി. ഇതോടൊപ്പം റോഡുകളും ചുറ്റുമതിലും ലോക്കറുകളും നിർമിച്ചിരുന്നു. പാവങ്ങാട് മേൽപ്പാലം യാഥാർഥ്യമാക്കുന്നതോടെ പുതിയാപ്പയിൽ കൂടുതൽ സൗകര്യങ്ങളൊരുങ്ങും. ദേശീയപാതയിൽനിന്ന് നഗരത്തിലേക്ക് പ്രവേശിക്കാതെ ഹാർബറിലെത്താനുള്ള എളുപ്പവഴി കൂടിയാകുമിത്.