മുഴുവൻ പേർക്കും അന്തസുറ്റ ജീവിതം ഉറപ്പാക്കാനാകണം: ജില്ലാ കളക്ടർ
1532532
Thursday, March 13, 2025 5:51 AM IST
കോഴിക്കോട്: സമൂഹത്തിലെ മുഴുവൻ പൗരർക്കും അന്തസുറ്റ ജീവിതം ഉറപ്പാക്കാൻ കൂട്ടായി സാധിക്കണമെന്ന് ജില്ലാ കളക്ടർ സ്നേഹിൽ കുമാർ സിംഗ്.
യുഎൽ കെയർ നായനാർ സദനത്തിലെ ബുദ്ധിപരമായ വെല്ലുവിളികൾ നേരിടുന്ന വിദ്യാർഥികൾക്കായി കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ സംഘടിപ്പിച്ച ആദരവ് ചടങ്ങ് സാദരം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
നമ്മുടെ പരിസരങ്ങളിലെ പാർശ്വവത്കൃത വിഭാഗങ്ങളെ എന്നും ചേർത്ത് നിർത്തിയ നാടാണ് കോഴിക്കോട്. കഴിഞ്ഞ കുറെ വർഷങ്ങളായി ഭിന്നശേഷി രംഗത്ത് മികച്ച മുന്നേറ്റമാണ് ജനകീയ കൂട്ടായ്മയിൽ നമുക്ക് സാധ്യമാകുന്നത്. അതിന് എല്ലാവരോടും കടപ്പെട്ടിരിക്കുന്നതായും കളക്ടർ അറിയിച്ചു.
കോഴിക്കോട്ട് സംഘടിപ്പിച്ച സ്പെഷ്യൽ ഒളിമ്പിക്സ് അത്ലറ്റിക് മീറ്റിൽ ജില്ലാ ചാമ്പ്യൻഷിപ്പ് കരസ്ഥമാക്കിയ യുഎൽ കെയർ നായനാർ സദനത്തിലെ ട്രെയിനികൾക്ക് കളക്ടർ അവാർഡ് സമ്മാനിച്ചു.
ഫോറസ്റ്റ് കൺസർവേറ്റർ ആർ. കീർത്തി അധ്യക്ഷത വഹിച്ചു. ജില്ലാ സാമൂഹ്യ നീതി വകുപ്പ് ഓഫീസർ അഞ്ജു മോഹനൻ, വിവിധ സംരംഭങ്ങളെ പ്രതിനിധീകരിച്ച് ഡോ. വിജീഷ് വേണുഗോപാൽ, ഡോ. മിലി മോണി, സ്വപ്ന മനോജ് , എംപി രമേശ് , ജാഫർ മണലൊടി, രഞ്ജിത്ത്, ആൻ ക്രിസ്റ്റീൻ, പി.എം. റഷീദ്, സജി എന്നിവർ പ്രസംഗിച്ചു.