ചെറുവണ്ണൂര്‍ മേല്‍പ്പാലം ഇപിസി മാതൃകയില്‍ കരാര്‍ നല്കാന് അനുമതി
1532822
Friday, March 14, 2025 5:09 AM IST
കോഴിക്കോട്: രാമനാട്ടുകര- വട്ടക്കിണര്‍ റോഡിലെ ചെറുവണ്ണൂര്‍ മേല്‍പ്പാലം നിര്‍മാണത്തിന് ഇപിസി (എന്‍ജിനിയറിംഗ്, പൊക്യുര്മെന്റ് ആന്‍ഡ് കണ്‍സ്ട്രക്ഷന്‍) രീതിയില്‍ കരാര്‍ നല്‍കുന്നതിന് സര്‍ക്കാര്‍ അനുമതി നല്കി. നേരത്തേ ഡിബിഎഫ്ഒടി (ഡിസൈന്‍- ബില്‍ഡ്, ഓപ്പറേറ്റ്- ട്രാന്‍സ്ഫര്‍) ആയി പണിയുന്നതിനായിരുന്നു ഭരണാനുമതി നല്‍കിയിരുന്നത്.
മേല്‍പ്പാലം പണി വേഗത്തില്‍ പൂര്‍ത്തിയാക്കുന്നതിന് ഇപിസി മാതൃക അവലംബിക്കുകയാണ് ഉചിതമെന്ന് നിര്‍വഹണ ഏജന്‍സിയായ കേരള റോഡ് ഫണ്ട് ബോര്‍ഡ് അധികൃതര്‍ നിര്‍ദേശിച്ചതിനെ തുടര്‍ന്നാണ് കരാര്‍ രീതിയില്‍ മാറ്റം വരുത്താന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്.
ബിഒടി ആയി നടപ്പാക്കുന്ന കോഴിക്കോട് സിറ്റി റോഡ് ഇംപ്രൂവ്മെന്റ് പ്രോജക്ടിന്റെ ഭാഗമായി ചെറുവണ്ണൂരിലും അരീക്കാടും മേല്‍പ്പാലങ്ങള്‍ നിര്‍മിക്കുന്നതിന് 255.62 കോടി രൂപയ്ക്ക് ഒരുമിച്ചുള്ള ഭരണാനുമതിയാണ് നല്‍കിയിരുന്നത്. ചെറുവണ്ണൂര്‍ മേല്‍പ്പാലത്തിനുള്ള സ്ഥലമേറ്റെടുപ്പ് ജോലികള്‍ അവസാനഘട്ടത്തിലാണ്. അരീക്കാട് മേല്‍പ്പാലത്തിന്റെ ഭൂമി ഏറ്റെടുക്കലുമായി താരതമ്യപ്പെടുത്തുമ്പോള്‍ ചെറുവണ്ണൂര്‍ മേല്‍പ്പാലത്തിന്റെ നടപടിക്രമങ്ങള്‍ ഏറെ മുന്നേറിക്കഴിഞ്ഞു.
ഈ സാഹചര്യത്തില്‍ രണ്ട് മേല്‍പ്പാലങ്ങളും വെവേറേ പ്രവൃത്തികളാക്കുകയും ചെറുവണ്ണൂരിലേത് ഇപിസി മാതൃകയിലാക്കുകയും ചെയ്താല്‍ പ്രവൃത്തി നേരത്തേ പൂര്‍ത്തീകരിക്കാനാകുമെന്ന് കെആര്‍എഫ്ബി അധികൃതര്‍ സര്‍ക്കാരിനെ അറിയിക്കുകയായിരുന്നു. പ്രവൃത്തി സമയബന്ധിതമായി നടപ്പിലാക്കുന്നതിന് നടപടികള്‍ സ്വീകരിക്കുമെന്ന് മന്ത്രി പി.എ. മുഹമ്മദ് റിയാസ് പറഞ്ഞു.
ഓരോ നടപടിക്രമത്തിനും കൃത്യമായ ടൈംലൈന്‍ നിശ്ചയിച്ചായിരിക്കും പ്രവൃത്തി ആരംഭിക്കുക. ഇതിനു മേല്‍നോട്ടം വഹിക്കുവാന്‍ ഉന്നതഉദ്യോഗസ്ഥനെ നിയോഗിക്കുമെന്നും മന്ത്രി വ്യക്തമാക്കി.