സർക്കാർ ഓഫീസുകളിൽശുചിമുറിയില്ല; മനുഷ്യാവകാശ കമ്മീഷൻ കേസെടുത്തു
1511295
Wednesday, February 5, 2025 5:12 AM IST
കോഴിക്കോട്: ബേപ്പൂരിലെ വിവിധ സർക്കാർ സ്ഥാപനങ്ങളിലെത്തുന്നവർ ശുചിമുറിയില്ലാത്തതിനാൽ ദുരിതം അനുഭവിക്കുകയാണെന്ന പരാതിയിൽ മനുഷ്യാവകാശ കമ്മീഷൻ സ്വമേധയാ കേസെടുത്ത് ജില്ലാ കളക്ടറിൽ നിന്നും റിപ്പോർട്ട് ആവശ്യപ്പെട്ടു.
രണ്ടാഴ്ചക്കം റിപ്പോർട്ട് സമർപ്പിക്കണമെന്ന് കമ്മീഷൻ ജുഡീഷ്യൽ അംഗം കെ. ബൈജുനാഥ് ആവശ്യപ്പെട്ടു. ബേപ്പൂർ ഗവ. ഹയർ സെക്കൻഡറി സ്കൂൾ, കോർപറേഷൻ സോണൽ ഓഫീസ്, വില്ലേജ് ഓഫീസ്, അക്ഷയ കേന്ദ്രം, കുടുംബാരോഗ്യകേന്ദ്രം എന്നിവിടങ്ങളിലെത്തുന്നവർക്ക് പ്രാഥമികാവശ്യങ്ങൾ നിർവഹിക്കാൻ ശുചിമുറിയില്ലെന്നാണ് ആക്ഷേപം.
വയോജനങ്ങളും ദിന്നശേഷിക്കാരും സ്ത്രീകളും ഇതുകാരണം ബുദ്ധിമുട്ട് അനുഭവിക്കുകയാണെന്നാണ് പരാതി. ബേപ്പൂർ ബിസി റോഡിലെ ചീർപ്പ് പാലം അപകടാവസ്ഥയിലായിട്ടും നടപടിയെടുത്തില്ലെന്ന പരാതിയിലും കമ്മീഷൻ കേസെടുത്തു. പാലത്തിന്റെ കോൺക്രീറ്റ് തൂണുകൾക്ക് ചുവട്ടിൽ മണ്ണും കല്ലും ഇളകി തോട്ടിലേക്ക് ഒലിച്ചുപോയ അവസ്ഥയിലാണ്.
ബേപ്പൂർ തുറമുഖത്തിലേക്കും ഹാർബറിലേക്കും പോകുന്ന ഭാരവണ്ടികൾ ഇതിലൂടെയാണ് കടന്നു പോകുന്നത്. പരാതി പരിശോധിച്ച് പൊതുമരാമത്ത് വകുപ്പ് എക്സിക്യൂട്ടീവ് എൻജിനീയർ രണ്ടാഴ്ചക്കകം റിപ്പോർട്ട് സമർപ്പിക്കണമെന്ന് ജുഡീഷ്യൽ അംഗം കെ. ബൈജുനാഥ് ആവശ്യപ്പെട്ടു. പത്രവാർത്തകളുടെ അടിസ്ഥാനത്തിൽ സ്വമേധയാ രജിസ്റ്റർ ചെയ്ത കേസുകളിലാണ് നടപടി.