പെരുവണ്ണാമൂഴി ഫെസ്റ്റ് ഏപ്രിലില്‍: സംഘാടക സമിതി രൂപീകരിച്ചു
1511059
Tuesday, February 4, 2025 7:47 AM IST
ചക്കിട്ടപാറ: ടൂറിസ്റ്റ് കേന്ദ്രമായ പെരുവണ്ണാമൂഴിയുടെ പെരുമ വര്‍ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെ ചക്കിട്ടപാറ പഞ്ചായത്ത് ഭരണസമിതിയുടെ നേതൃത്വത്തില്‍ ഏപ്രില്‍ 15 മുതല്‍ 23 വരെ ഫെസ്റ്റ് നടത്താന്‍ തീരുമാനമായി. സംഘാടക സമിതി രൂപീകരണ യോഗം ടി.പി. രാമകൃഷ്ണന് എംഎല്‍എ ഉദ്ഘാടനം ചെയ്തു. കോഴിക്കോട് ജില്ലയില്‍ പെരുവണ്ണാമൂഴി ടൂറിസ്റ്റ് കേന്ദ്രത്തിനുള്ള സ്ഥാനം വലുതാണെന്നും അതിന്റെ പെരുമ വര്‍ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഫെസ്റ്റ് നടത്തുന്നതിലൂടെ ലക്ഷ്യമിടുന്നതെന്നും എംഎല്‍എ പറഞ്ഞു.
കര്‍ഷകര്‍ നേരിടുന്ന വന്യമൃഗ ശല്യത്തിന് അറുതി വരുത്താനുള്ള ശ്രമങ്ങള്‍ വനംവകുപ്പിന്റെ സഹായത്തോടെ തുടരും. ഡാം റിസര്‍വോയറിനുള്ളിലെ പച്ചത്തുരുത്തുകളും ചങ്ങരോത്ത് പഞ്ചായത്തിലെ കൈതേരി ഭാഗങ്ങളും ഉള്‍പ്പെടുത്തി പെരുവണ്ണാമൂഴി കേന്ദ്രമാക്കി ടൂറിസം വികസനത്തിനുള്ള പദ്ധതി പരിഗണനയിലുണ്ട്. നിര്‍മാണം പൂര്‍ത്തിയാക്കിയ പെരുവണ്ണാമൂഴി പോലീസ് സ്റ്റേഷന് കെട്ടിടം ഉടന്‍ തുറക്കുമെന്നും എംഎല്‍എ പറഞ്ഞു.
ചക്കിട്ടപാറ പഞ്ചായത്ത് പ്രസിഡന്റ് കെ. സുനില്‍ അധ്യക്ഷത വഹിച്ചു. പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എന്‍. പി. ബാബു, പഞ്ചായത്ത് വൈസ് പ്രസിഡന്റ് ചിപ്പി മനോജ്, ജോസഫ് പള്ളൂരുത്തി, കെ.എ. ജോസുകുട്ടി, സി.കെ.ശശി, വി.കെ.ബിന്ദു, ഇ.എം. ശ്രീജിത്ത്, റെജി കോച്ചേരി, എ.ജി. ഭാസ്കരന്, ബേബി കാപ്പുകാട്ടില്‍, രാജീവ് തോമസ്, രാജന്‍വര്‍ക്കി തുടങ്ങിയവര്‍ യോഗത്തില്‍ സംബന്ധിച്ചു. പഞ്ചായത്ത് പ്രസിഡന്റ് കെ.സുനില്‍ ചെയര്‍മാനും ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്മാന് ഇ.എം. ശ്രീജിത്ത് കണ്‍വീനറുമായി സംഘാടക സമിതി രൂപീകരിച്ചു.