എം.ടി കണിശക്കാരനായ എഴുത്തുകാരന്: യു.കെ കുമാരന്
1511292
Wednesday, February 5, 2025 5:12 AM IST
കോഴിക്കോട്: കാര്യങ്ങള്‍ കൃത്യതയോടെ എഴുതുകയും പറയുകയും ചെയ്ത കണിശക്കാരനായ എഴുത്തുകാരനായിരുന്നു എം.ടി വാസുദേവന്‍ നായരെന്ന് യു.കെ കുമാരന് അഭിപ്രായപ്പെട്ടു. ദേവഗിരി സെന്റ് ജോസഫ്സ് കോളജ് മലയാള വിഭാഗം സംഘടിപ്പിച്ച സാഹിത്യ സാംസ്കാരികോത്സവമായ ഋതം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഋതം ഫെസ്റ്റ് ഈ വര്‍ഷം എംടിയ്ക്ക് ഉള്ള സമര്‍പ്പണം ആണ്.
വ്യക്തിജീവിതത്തിലെ എംടി എന്ന വിഷയത്തില്‍ സംസാരിച്ച യു.കെ കുമാരന് വര്‍ത്തമാനകാലത്തിന്റെ എല്ലാ സവിശേഷതകളും ഉള്‍ക്കൊണ്ട് ജാഗ്രതയോടെയായിരുന്നു എംടി യുടെ സാഹിത്യ രചനകളെന്നും മറ്റ് സാഹിത്യകാരന്മാരെ വിമര്‍ശിക്കാതെ അവരെ ഉള്‍ക്കൊണ്ട എഴുത്തുകാരന് ആയിരുന്നു എംടി യെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
ചടങ്ങില്‍ പ്രിന്‍സിപ്പല്‍ ഡോ. ബോബി ജോസ്, മലയാള വിഭാഗം മേധാവി ഡോ. സുനില്‍ ജോസ്, കോളജ് യൂണിയന് ചെയര്മാന് അഖില്‍ ഡോമിനിക്, മലയാളം അസോസിയേഷന് സെക്രട്ടറി എം.പി അനന്തു എന്നിവര്‍ സംസാരിച്ചു.തുടര്‍ന്ന് നടന്ന സാഹിത്യ സംവാദത്തില്‍ മഹാത്മാഗാന്ധി സര്‍വകലാശാല സ്കൂള്‍ ഓഫ് ലെറ്റേഴ്സ് അധ്യാപകന് ഡോ.ജോസ്.കെ മാനുവല്‍ എംടി സിനിമയും സാഹിത്യവും എന്ന വിഷയത്തില്‍ കുട്ടികളോട് സംവദിച്ചു.
വരും ദിവസങ്ങളില്‍ ഡോ. എം.എം ബഷീര്‍, ജയചന്ദ്രന് മൊകേരി, ഡോ. രാഗേഷ് പുതുക്കോട്, തുടങ്ങിയവര്‍ പങ്കെടുക്കും.ഒരാഴ്ച നീണ്ടുനില്‍ക്കുന്ന ഋതം 25 ന്റെ അവസാനദിവസം ഇന്റര്‍ കോളജ് തലത്തിലുള്ള മത്സരങ്ങളും സംഘടിപ്പിക്കുന്നുണ്ട്.