മൂടാടി പഞ്ചായത്തിന്റെ നിര്‍ദേശം മാതൃകയായി; മിനി എംസിഎഫുകള്‍ ഇനി തൊഴിലുറപ്പില്‍ നിര്‍മിക്കാം
1511060
Tuesday, February 4, 2025 7:47 AM IST
കോഴിക്കോട്: ഹരിത കര്‍മസേന വീടുകളില്‍ നിന്നും സ്ഥാപനങ്ങളില്‍ നിന്നും ശേഖരിക്കുന്ന പാഴ്വസ്തുക്കള് വഴിയരികില്‍ കൂട്ടിയിടുന്നത് നാട്ടുകാര്‍ക്ക് തലവേദന സൃഷ്ടിക്കുന്ന പ്രശ്നത്തിന് പരിഹാരമാകുകയാണ് മൂടാടി ഗ്രാമപഞ്ചായത്തിന്റെ ആശയം.മിനി എംസിഎഫുകള്‍ തൊഴിലുറപ്പ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി നിര്‍മിക്കാന്‍ അനുമതി നല്‍കണമെന്നും ഇതിന്റെ വലുപ്പം ഗ്രാമപഞ്ചായത്തുകള്‍ക്ക് തീരുമാനിക്കാന്‍ അനുവാദം നല്‍കണമെന്നുമുള്ള മൂടാടി ഗ്രാമപഞ്ചായത്തിന്റെ നിര്‍ദേശം സര്‍ക്കാര്‍ അംഗീകരിച്ചു പൊതു ഉത്തരവായി ഇറങ്ങി.
ശേഖരിച്ച മാലിന്യം റോഡരികില്‍ കൂട്ടിയിടുമ്പോള്‍ മാലിന്യ കൂമ്പാരത്തിന് അടുത്ത് തെരുവ് നായകള്‍ എത്തുന്നത് പൊതുജനങ്ങള്‍ക്കും ബുദ്ധിമുട്ട് സൃഷ്ടിക്കാറുണ്ട്. ശേഖരിക്കുന്ന മാലിന്യം അതാത് ദിവസം തന്നെ പ്രധാന എംസിഎഫ് കേന്ദ്രത്തിലേക്ക് മാറ്റാന്‍ കഴിയാത്തതാണ് ഇതിന്റെ പ്രധാന കാരണം. ഇതിനെല്ലാം ശാശ്വത പരിഹാരമാവുകയാണ് പുതിയ ഉത്തരവിലൂടെ.
നിലവില്‍ ഗ്രാമപഞ്ചായത്തുകളില്‍ തൊഴിലുറപ്പ് പദ്ധതിയില്‍ നിശ്ചിത അളവിലുള്ള ചെറിയ ബോട്ടില്‍ ശേഖരണ സംവിധാനങ്ങള്‍ മാത്രമേ നിര്‍മിക്കാന്‍ അനുമതിയുണ്ടായിരുന്നുള്ളു. ഇത്തരത്തിലുള്ളവയില്‍ പ്ലാസ്റ്റിക് ബോട്ടിലുകള്‍ തന്നെ ഉള്കൊള്ളിക്കാന് കഴിയാറില്ല. അല്പം വലുത് നിര്മിക്കണമെങ്കില് ഗ്രാമപഞ്ചായത്തിന്റെ പദ്ധതി വിഹിതം ഉപയോഗിക്കേണ്ട സ്ഥിതിയുമാണ്. മറ്റു നിരവധി ആവശ്യങ്ങള്‍ക്കായി മാറ്റിവയ്ക്കേണ്ടതിനാല്‍ വാര്‍ഡ് തലങ്ങളില്‍ മിനി എംസിഎഫുകള്‍ നിര്‍മിക്കുവാന്‍ പദ്ധതി വിഹിതം തികയാറുമില്ല.
ഈ അവസരത്തിലാണ് മൂടാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി.കെ. ശ്രീകുമാര്‍, സെക്രട്ടറി എം. ഗിരീഷ്, നോഡല്‍ ഓഫീസര്‍ ടി. ഗിരീഷ് കുമാര്‍ എന്നിവര്‍ ചേര്‍ന്ന് കഴിഞ്ഞ വര്‍ഷം തദ്ദേശ സ്വയംഭരണ മന്ത്രി എം.ബി. രാജേഷിന് നിര്‍ദേശം സമര്‍പ്പിച്ചത്.