പയ്യോളിയില്‍ ആറുവരിപ്പാതയില്‍ മാലിന്യം തള്ളുന്നത് പതിവാകുന്നു
1511289
Wednesday, February 5, 2025 5:12 AM IST
പയ്യോളി: ദേശീയപാതയില്‍ ആറ് വരിപാത നിര്മ്മിക്കുന്നിടത്ത് മാലിന്യം തള്ളുന്നതായി പരാതി. പയ്യോളി ടൗണിന് സമീപമുള്ള തെനങ്കാലില്‍ പെട്രോള്‍ പമ്പിന് എതിര്‍വശത്തുള്ള ആറ് വരിപ്പാതയില്‍ നിര്‍മ്മാണം പൂര്‍ത്തിയാകാത്ത ഭാഗത്താണ് മാലിന്യം തള്ളല്‍ പതിവാകുന്നത്.
ടൂറിസ്റ്റ് ബസ്സുകളിലെത്തുന്നവരാണ് മാലിന്യം തള്ളുന്നതെന്ന് പറയുന്നു. ടൂറിസ്റ്റ് വാഹനങ്ങൾ ശുചിമുറി സൗകര്യം കണക്കിലെടുത്ത് പെട്രോള്‍ പമ്പിന് സമീപത്തായാണ് നിര്‍ത്തുക. ഇതിനിടയില്‍ കയ്യില്‍ കരുത്തുന്ന ഭക്ഷണം യാത്രകാര്‍ക്ക് വിളമ്പി നല്‍കാറുണ്ട്.
ഇവര്‍ ഉപേക്ഷിക്കുന്ന ഡിസ്പോസിബിള്‍ പ്ലേറ്റുകളും ഗ്ലാസുകളും ഭക്ഷണ അവശിഷ്ടങ്ങളും പിന്നീട് മാലിന്യ കൂമ്പാരമായി മാറുകയാണ്. പയ്യോളി നഗരസഭ ആരോഗ്യവകുപ്പിന്റെ നേതൃത്വത്തില്‍ മാലിന്യമുക്ത നവകേരളത്തിന്റെ ഭാഗമായി പലസ്ഥലങ്ങളും ശുചിത്വ ജംഗ്ഷന് പ്രഖ്യാപനം നടത്തുന്നതിനിടയിലാണ് മാലിന്യം തള്ളല്‍ തുടര്‍ക്കഥയാവുന്നത്.
ഇത്തരം സ്ഥലങ്ങളില്‍ തള്ളുന്ന മാലിന്യങ്ങള്‍ നീക്കേണ്ട ജോലിയും ഇപ്പോള്‍ നഗരസഭയുടെ ശുചീകരണ തൊഴിലാളികള്‍ക്കാണ്. മാസങ്ങള്‍ക്ക് മുന്‍പ് അയനിക്കാട് കുറ്റിയില്‍ പീടികയ്ക്ക് സമീപം മലിന ജലം ഒഴുക്കിയ മത്സ്യ വണ്ടി നാട്ടുകാര്‍ തടഞ്ഞിരുന്നു.
നഗരസഭ ആരോഗ്യവിഭാഗം ഉദ്യോഗസ്ഥരെത്തി ഇരുപത്തിയഞ്ചായിരം രൂപ പിഴ ചുമത്തിയ ശേഷമാണ് വാഹനം വിട്ട് നല്‍കിയത്. ഇത്തരത്തില്‍ പെട്രോള്‍ പമ്പിന് സമീപത്ത് മാലിന്യം തള്ളുന്ന വാഹനങ്ങള്‍ പിടികൂടണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെടുന്നു.