ബി. സോൺ കലോത്സവം സംഘർഷം; കേസെടുത്ത് പോലീസ്
1510379
Sunday, February 2, 2025 4:33 AM IST
നാദാപുരം: പുളിയാവ് നാഷണൽ കോളേജിൽ നടന്ന കാലിക്കട്ട് ബി.സോൺ കലോത്സവ വേദിയിലെ സംഘർഷവുമായി ബന്ധപ്പെട്ട് വളയം പോലീസ് രണ്ട് കേസുകൾ രജിസ്റ്റർ ചെയ്തു.ലോ കോളജ് വിദ്യാര്‍ഥി സനദ് എസ്.ബാനുവിന്റെ പരാതി പ്രകാരം ഒരു കൂട്ടം വിദ്യാര്‍ഥികളെ പ്രതിചേർത്താണ് കേസ് രജിസ്റ്റർ ചെയ്തത്.
കലോത്സവത്തിനിടെ നാടൻ പാട്ടുമായി ബന്ധപ്പെട്ട് അപ്പീൽ നൽകാൻ പോയ പരാതിക്കാരനെയും കൂടെയുണ്ടായിരുന്ന കോഴിക്കോട് ഗവ. ലോ കോളജ് വൈസ് ചെയർമാൻ ആയ ഗോപികയെയും യൂണിയൻ മെമ്പറായ ശ്രീകാന്തിനെയും ഒരു കൂട്ടം ആളുകൾ ഓർഗനൈസിംഗ് കമ്മിറ്റി റൂമിൽ തടഞ്ഞുവെച്ച് പൂട്ടിയിട്ട് കയ്യേറ്റം ചെയ്യുകയും അസഭ്യം പറയുകയും ഭീഷണിപ്പെടുത്തുകയും ചെയ്തെന്നാണ് പരാതി.
ഗുരുവായൂരപ്പൻ കോളജ് വിദ്യാര്‍ഥി അഭയ് എസ്. രാജിന്റെ പരാതി പ്രകാരം അഞ്ച് പേർക്കെതിരെ മറ്റൊരു കേസും രജിസ്റ്റർ ചെയ്തിട്ടുണ്ട്. ജനുവരി 30ന് രാത്രി 11 ന് വേദി -4 ന് അടുത്ത് അഞ്ച് പേരുടെ നേതൃത്വത്തിൽ ഒരു കൂട്ടം ആളുകൾ ആയുധം ഉപയോഗിച്ച് ആക്രമിച്ചെന്നാണ് പരാതി. കലോൽസവത്തിനിടയിലുണ്ടായ വിവിദ സംഘർഷങ്ങളിൽ 20 ഓളം പേർക്ക് പരിക്കേറ്റിരുന്നു.