മഞ്ഞക്കടവ് മലയോരത്ത് വീണ്ടും വന്യജീവി ശല്യം
1511066
Tuesday, February 4, 2025 7:47 AM IST
കൂടരഞ്ഞി: മഞ്ഞക്കടവ് പൂതംകുഴി പ്രദേശത്ത് ഇരയെ ആക്രമിക്കുന്ന വന്യമൃഗത്തെ കണ്ടുവെന്ന് കര്‍ഷകര്‍ അറിയിച്ചതിനെ തുടര്‍ന്ന് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റിന്റെ നേതൃത്വത്തില്‍ വനപാലകരും നാട്ടുകാരും പ്രദേശത്ത് തെരച്ചില്‍ നടത്തി. കഴിഞ്ഞദിവസം കൃഷിയിടത്തിലേക്ക് പോകുകയായിരുന്ന വലിയ പാറക്കല്‍ പ്രഭയാണ് ഇരയെ ഓടിച്ചു കൊണ്ടുപോകുന്ന കാട്ടുമൃഗത്തെ കണ്ടത്. പുലിയോ കടുവയോ ആകാനാണ് സാധ്യതയെന്നു പ്രഭ പറഞ്ഞു.
പ്രദേശത്ത് വന്യജീവികളുടെ സാന്നിധ്യം വര്‍ധിച്ചുവരുന്നതായും നായ ഉള്‍പ്പെടെയുള്ള വളര്‍ത്തുമൃഗങ്ങളെ സ്ഥിരമായി കാണാതാവുന്നതായും പ്രദേശവാസികള്‍ പരാതിപ്പെട്ടു. പരിശോധനയില്‍ വന്യമൃഗത്തിന്റെ സാന്നിധ്യം ബോധ്യപ്പെട്ടുവെന്നു വനപാലകര്‍ സൂചിപ്പിച്ചു.
പക്ഷെ കാല്‍പ്പാടുകള്‍ അവ്യക്തമായതിനാല്‍ വന്യജീവി ഏതാണെന്നു തിരിച്ചറിയാന്‍ കഴിയുന്നില്ല. പ്രദേശത്ത് കാമറ സ്ഥാപിച്ച് നിരീക്ഷണം ശക്തമാക്കുമെന്നും ഉദ്യോഗസ്ഥര്‍ അറിയിച്ചു.
സെക്ഷന്‍ ഫോറസ്റ്റ് ഓഫീസര്‍ പി. മണിയുടെ നേതൃത്വത്തിലുള്ള വനപാലകരും ആര്‍ആര്‍ടി അംഗങ്ങളുമാണ് പ്രദേശത്ത് പരിശോധന നടത്തിയത്.
കാമറയും കൂടും സ്ഥാപിക്കണം: കര്‍ഷക സംഘം
കൂടരഞ്ഞി: മഞ്ഞക്കടവ് പൂതംകുഴി പ്രദേശത്ത് കര്‍ഷകര്‍ക്ക് ഭീഷണിയായ വന്യജീവി ശല്യം പരിഹരിക്കാന്‍ അധികൃതര്‍ നടപടി സ്വീകരിക്കണമെന്ന് കര്‍ഷക സംഘം മേഖലാ കമ്മിറ്റി ആവശ്യപ്പെട്ടു.
കഴിഞ്ഞ ആഴ്ചയാണ് പെരുമ്പൂള കൂരിയോട് നിന്ന് കൂട് വച്ച് ഒരു പുലിയെ വനംവകുപ്പ് പിടികൂടിയത്. രാത്രികാല പട്രോളിംഗ് ശക്തമാക്കണമെന്നും കാമറയും കൂടും സ്ഥാപിച്ച് കര്‍ഷക ജനതയുടെ ആശങ്കയകറ്റണമെന്നും യോഗം ആവശ്യപ്പെട്ടു. മേഖല പ്രസിഡന്റ് ജിജി കട്ടക്കയം അധ്യക്ഷത വഹിച്ചു. സെക്രട്ടറി കെ.എം.മോഹനന്, പി.സി. മജീദ്, പി.ജെ.മത്തായി, ആന്റണി ഇലവനപ്പാറ എന്നിവര്‍ സംസാരിച്ചു.