അർബൻ ഹെൽത്ത് ആൻഡ് വെൽനസ് സെന്റർ ഉദ്ഘാടനം
1510374
Sunday, February 2, 2025 4:33 AM IST
കോഴിക്കോട്: 2040 ആകുമ്പോഴേക്കും രാജ്യത്തെ 40 ശതമാനം പേരും അറുപത് വയസിന് മുകളിലുള്ള സീനിയർ സിറ്റസൺമാരായി മാറുമെന്ന റിപ്പോർട്ട് മുന്നിൽക്കണ്ട് കേരളത്തിൽ ആരോഗ്യ രംഗത്ത് വൻ മുന്നേറ്റമാണ് നടത്തികൊണ്ടിരിക്കുന്നതെന്ന് മന്ത്രി പി.എ. മുഹമ്മദ് റിയാസ്. കോഴിക്കോട് സിവിൽസ്റ്റേഷൻ 13-ാം വാർഡിൽ നഗരസഭ സ്ഥാപിച്ച അർബൻ ഹെൽത്ത് ആൻഡ് വെൽനസ് സെന്റർ ഉദ്ഘാടനം ചെയുകയായിരുന്നു മന്ത്രി.
ഭാവി മുന്നിൽക്കണ്ട് ജനകീയാരോഗ്യ രംഗത്ത് വൻ വികസനമാണ് നടക്കുന്നത്. അതിസമ്പന്നർക്കോ സമ്പന്നർക്കോ മാത്രം ചികിത്സ ലഭ്യമാക്കുന്ന അവസ്ഥ വന്നാൽ രാജ്യം എവിടെയെത്തും. അവിടെയാണ് ജനകീയാരോഗ്യത്തിന്റെ പ്രാധാന്യമെന്നും മന്ത്രി പറഞ്ഞു.
മേയർ ഡോ. ബീന ഫിലിപ്പ് അധ്യക്ഷത വഹിച്ചു. കോഴിക്കോട്ടെ 75 വാർഡുകളിലായി മൊത്തം 54 വെൽനസ് സെന്റർ വൈകാതെ പൂർത്തിയാകുമെന്ന് ആരോഗ്യ സ്ഥിരം സമിതി അധ്യക്ഷ ഡോ. എസ്. ജയശ്രീ പറഞ്ഞു.
ദിവസവും ഉച്ചയ്ക്ക് ഒന്നുമുതല്‍ രാത്രി ഏഴ് വരെയായിരിക്കും വെൽനസ് സെന്ററിന്റെ പ്രവർത്തനം. ഡോക്ടർ, നഴ്സ്, ഫാർമസിസ്റ്റ് തുടങ്ങി സംവിധാനങ്ങളുള്ള സെന്ററിൽ മരുന്നുകളും സൗജ്യനമായി ലഭിക്കും.