കൂരാച്ചുണ്ട് പഞ്ചായത്ത് ഭരണം പിടിക്കാനുള്ള നീക്കവുമായി മുന്നണികള്‍
1511065
Tuesday, February 4, 2025 7:47 AM IST
കൂരാച്ചുണ്ട്: മുസ്ലിം ലീഗിലെ സ്വതന്ത്രന് നല്കിയ അവിശ്വാസ പ്രമേയത്തിലൂടെ കൂരാച്ചുണ്ട് പഞ്ചായത്ത് പ്രസിഡന്റ് പോളി കാരക്കട പുറത്തായ സാഹചര്യത്തില്‍ പഞ്ചായത്ത് ഭരണം കയ്യാളാനുള്ള നീക്കവുമായി എല്‍ഡിഎഫ്- യുഡിഎഫ് മുന്നണികള്‍. 13 അംഗങ്ങളുള്ള പഞ്ചായത്തിലെ അഞ്ച് കോണ്‍ഗ്രസ് അംഗങ്ങള്‍ ലീഗുമായി ചേര്‍ന്ന് ലീഗിന് പ്രസിഡന്റ് സ്ഥാനം നല്‍കിക്കൊണ്ട് ഭരണം പിടിക്കാനാണ് നീക്കങ്ങള്‍ നടത്തുന്നത്.
ഏതാനും ദിവസങ്ങള്‍ക്കു മുമ്പ് അവിശ്വാസ പ്രമേയം ചര്‍ച്ചക്കെടുത്തപ്പോള്‍ ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റിയുടെ വിപ്പ് പ്രകാരം അവിശ്വാസ പ്രമേയത്തെ അനുകൂലിച്ച് വോട്ട് ചെയ്ത അഞ്ച് അംഗങ്ങളില്‍ ഒരാളുടെ വോട്ട് അസാധുവായിരുന്നു. ഇത് ലീഗിനെ പ്രതിസന്ധിയിലാക്കുന്നതായും പറയുന്നുണ്ട്.
മുസ്ലിംലീഗ് ഇടതുപക്ഷവുമായി ചേര്‍ന്ന് അവിശ്വാസ പ്രമേയം കൊണ്ടുവന്നെങ്കിലും മുമ്പോട്ടുള്ള കാര്യങ്ങളില്‍ ഇടതുപക്ഷവുമായി ചേര്‍ന്ന് നീക്കങ്ങള്‍ നടത്തുമോയെന്ന ആശങ്കകളും നേതാക്കളിലുണ്ട്. കോണ്‍ഗ്രസ് -അഞ്ച്, ലീഗ് (സ്വതന്ത്രന് അടക്കം)- രണ്ട് എന്നിങ്ങനെയാണ് യുഡിഎഫ് കക്ഷിനില. കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ നിന്നു പുറത്താക്കപ്പെട്ടതിനാല്‍ പോളി കാരക്കട നിലവില്‍ യുഡിഎഫിന്റെ ഭാഗമല്ല. എല്‍ഡിഎഫില്‍ സിപിഎം -രണ്ട്, കേരളാ കോണ്‍ഗ്രസ് -രണ്ട്, സ്വതന്ത്രന് -ഒന്ന് എന്നിങ്ങനെയാണ് കക്ഷിനില. ഇപ്പോഴത്തെ സാഹചര്യത്തില്‍ പുറത്താക്കപ്പെട്ട പ്രസിഡന്റ് പോളി കാരക്കടയുടെ നിലപാട് പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ നിര്‍ണായകമായി മാറും.
കഴിഞ്ഞ 27നാണ് അവിശ്വാസ പ്രമേയം പാസായത്. ഏഴു ദിവസങ്ങള്‍ കഴിഞ്ഞുവെങ്കിലും പുതിയ പ്രസിഡന്റിനെ തെരഞ്ഞെടുക്കുന്നതിനുള്ള തുടര്‍ നടപടികള്‍ ആയിട്ടില്ല. പുതിയ പ്രസിഡന്റിനെ തെരഞ്ഞെടുക്കുന്നതുമായി ബന്ധപ്പെട്ട തീരുമാനങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ കോണ്‍ഗ്രസ് ജില്ലാ നേതൃത്വം കോണ്‍ഗ്രസിലെ അഞ്ച് അംഗങ്ങളെ തിങ്കളാഴ്ച യോഗത്തിന് വിളിച്ചിരുന്നു. എന്നാല്‍ യോഗം ചേരാതെ പിന്നീടൊരു ദിവസത്തേക്ക് മാറ്റി വച്ചതായാണ് അറിയുന്നത്. ലീഗിന് പ്രസിഡന്റ് പദവി നല്‍കാതെ കോണ്‍ഗ്രസിലെ ഒരംഗത്തിന് പ്രസിഡന്റ് പദവി നല്‍കിക്കൊണ്ട് യുഡിഎഫ് അധികാരത്തിലേറണമെന്ന് കൂരാച്ചുണ്ട് കോണ്‍ഗ്രസിലെ മറുപക്ഷവും ആവശ്യപ്പെടുന്നുണ്ട്.
ലീഗ് സ്വതന്ത്രന് നല്കിയ അവിശ്വാസ പ്രമേയത്തെ ലീഗും കോണ്‍ഗ്രസും എല്‍ഡിഎഫും അനുകൂലിച്ചതോടെയാണ് കോണ്‍ഗ്രസിനു പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം നഷ്ടമായത്. മുന്നണി ധാരണ പ്രകാരം പോളി കാരക്കട പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം രാജിവയ്ക്കാന്‍ തയാറാകുന്നില്ലെന്ന് ആരോപിച്ചാണ് അവിശ്വാസ പ്രമേയം കൊണ്ടുവന്നത്.