ശുചിത്വ, മാലിന്യ സംസ്കരണത്തിന് മാതൃകയായി കോഴിക്കോട്ടെ ജംഗ്ഷനുകൾ
1511288
Wednesday, February 5, 2025 5:12 AM IST
ഹരിത സുന്ദര ടൗൺ പ്രഖ്യാപനം നടത്തി
കോഴിക്കോട്: സംസ്ഥാന സർക്കാരിന്റെ മാലിന്യ മുക്തം നവകേരളം ജനകീയ ക്യാമ്പയിന്റെ ഭാഗമായി കോഴിക്കോട് കോർപറേഷൻ പരിധിയിലെ ക്രിസ്ത്യൻ കോളജ് ജംഗ്ഷൻ, ചെറൂട്ടി നഗറിലെ രണ്ട് ജംഗ്ഷനുകൾ, സരോവരം ജംഗ്ഷൻ, എരഞ്ഞിപ്പാലം ജംഗ്ഷൻ എന്നീ സ്ഥലങ്ങൾ ഹരിത സുന്ദര ടൗണായി പ്രഖ്യാപിച്ചു.
ജൈവ-അജൈവ മാലിന്യ സംസ്കരണ സംവിധാനത്തിനുള്ള വേസ്റ്റ് ബിന്നുകൾ, ശുചിത്വസന്ദേശ ബോർഡുകൾ, സൗന്ദര്യവത്ക്കരണം എന്നിവ ഒരുക്കിയാണ് ആദ്യഘട്ടത്തിൽ അഞ്ചു സ്ഥലങ്ങൾ പ്രഖ്യാപിച്ചത്. ഫെബ്രുവരി 15 നുള്ളിൽ കോർപറേഷന്റെ മറ്റു സ്ഥലങ്ങളിലും ഈ രീതിയിൽ പ്രഖ്യാപനം നടത്തും.
ചെറൂട്ടി നഗറിൽ നടന്ന പ്രഖ്യാപനം മേയർ ബീന ഫിലിപ്പ് ഉദ്ഘാടനം ചെയ്തു. ക്ഷേമകാര്യ സ്ഥിരം സമിതി ചെയർമാൻ പി. ദിവാകരൻ അധ്യക്ഷത വഹിച്ചു. ഹെൽത്ത് ഓഫീസർ ഡോ. മുനവ്വർ റഹ്മാൻ, ക്ലീൻ സിറ്റി മാനേജർ പ്രമോദ്, പ്രൊജക്റ്റ് സെൽ ഹെൽത്ത് ഇൻസ്പെക്ടർ ഡെയ്സൺ, കേരള ഗ്രാമിൺ ബാങ്ക് റീജ്യണൽ മാനേജർ രാഹുൽകുമാർ എന്നിവർ പ്രസംഗിച്ചു.