ഫോട്ടോഗ്രാഫി സൂക്ഷ്മ വിശദാംശങ്ങളുടെ സൗന്ദര്യം: കല്‍പ്പറ്റ നാരായണന്
1511294
Wednesday, February 5, 2025 5:12 AM IST
കോഴിക്കോട്: സൂക്ഷ്മ വിശദാംശങ്ങളുടെ സൗന്ദര്യമാണ് ഫോട്ടോഗ്രാഫിയെന്ന് പ്രശസ്ത എഴുത്തുകാരന് കല്‍പ്പറ്റ നാരായണന്. അന്തരിച്ച ന്യൂസ് ഫോട്ടോഗ്രാഫര്‍ സി. ചോയിക്കുട്ടിയുടെ സ്മരണയ്ക്കായി അദ്ദേഹത്തിന്റെ ശിഷ്യന്മാര് ഏര്‍പ്പെടുത്തിയ പുരസ്കാരം ഇ.ഗോകുലിനു സമ്മാനിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ദൃശ്യത്തിന്റെ അനശ്വരതയാണ് ഫോട്ടോഗ്രാഫിയില്‍ പ്രധാനമെന്ന് അദ്ദേഹം പറഞ്ഞു. അനശ്വരത കൈവരിക്കാന്‍ കാത്തിരിപ്പ് ആവശ്യമാണ്. ഇതിനു സമര്‍പ്പണം വേണം. നൂറുകണക്കിനു േഷാട്ടുകള് എടുത്തുകൂട്ടേണ്ട ആവശ്യമില്ല. കാത്തിരുന്ന് മികവുറ്റത് എടുക്കുകയാണ് വേണ്ടത്. അതിനു ക്ഷമ വേണം. ഫോട്ടോകള്‍ കലാത്മകമാകണം. ജീവിതത്തിലെ സത്യത്തെ സ്പര്‍ശിക്കാന്‍ ഫോട്ടോഗ്രാഫിക്ക് കഴിയുമെന്നും അദ്ദേഹം പറഞ്ഞു.
പി. അഭിജിത്ത് അധ്യക്ഷത വഹിച്ചു. സീനിയര്‍ ജേണലിസ്റ്റ്സ് ഫോറം സംസ്ഥാന വൈസ് പ്രസിഡന്റ് ഹരിദാസന് പാലയില്‍, കാലിക്കറ്റ് പ്രസ്ക്ലബ് ജോയിന്റ് സെക്രട്ടി സയിദലി ശിഹാബ്, പി.ജെ ഷെല്ലി, ആര്. മോഹനന് , നിധീഷ് കൃഷ്ണന് എന്നിവര്‍ പ്രസംഗിച്ചു.