തെലങ്കാന പെണ്‍കുട്ടികള്‍ക്ക് 3.14 കോടിയുടെ സ്കോളര്‍ഷിപ്പുമായി മലബാര്‍ ഗ്രൂപ്പ്
1511053
Tuesday, February 4, 2025 7:47 AM IST
കോഴിക്കോട്: മലബാര്‍ ഗോള്‍ഡ് ആന്‍ഡ് ഡയമണ്ട്സ് ഉള്‍പ്പെടെയുള്ള ബിസിനസ് സംരംഭങ്ങള്‍ക്ക് നേതൃത്വം നല്കുന്ന മലബാര്‍ ഗ്രൂപ്പ് തെലങ്കാനയിലെ പെണ്‍കുട്ടികള്‍ക്ക് 3.14 കോടി രൂപയുടെ വിദ്യാഭ്യാസ സ്കോളര്‍ഷിപ്പുകള്‍ പ്രഖ്യാപിച്ചു.
2024-25 അധ്യായന വര്‍ഷത്തില്‍ തെലങ്കാനയിലെ 116 കോളേജുകളിലെ 3,900ത്തിലധികം വിദ്യാര്‍ഥിനികള്‍ക്ക് സ്കോളര്‍ഷിപ് വിതരണം ചെയ്യും. മലബാര്‍ ഗ്രൂപ്പ് നടപ്പാക്കിവരുന്ന സാമൂഹ്യ പ്രതിബദ്ധതാ പദ്ധതിയില്‍ സ്ത്രീശാക്തീകരണത്തിന്റെ ഭാഗമായാണ് സ്കോളര്‍ഷിപ്പുകള്‍ പ്രഖ്യാപിച്ചത്. സ്കോളര്‍ഷിപ് പദ്ധതിയുടെ ഉദ്ഘാടനം ഹൈദരാബാദിലെ സോമാജിഗുഡയിലെ തെലങ്കാന സ്റ്റേറ്റ് ഐഎഎസ് ഓഫീസേഴ്സ് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നടന്ന ചടങ്ങില്‍ തെലങ്കാന പഞ്ചായത്ത് രാജ്, ഗ്രാമ വികസന, വനിതാ -ശിശുക്ഷേമ മന്ത്രി ഡി. അനസൂയ സീതക്ക നിര്‍വഹിച്ചു.
മലബാര്‍ ഗ്രൂപ്പ് ഇന്ത്യാ ഓപറേഷന്‍സ് മാനേജിംഗ് ഡയറക്ടര്‍ ഒ. അഷര്‍, റീട്ടെയില്‍ ഓപറേഷന്‍സ് ഹെഡ് (റെസ്റ്റ് ഓഫ് ഇന്ത്യ) പി.കെ. സിറാജ്, മലബാര്‍ ഗോള്‍ഡ് ആന്‍ഡ് ഡയമണ്ട്സ് സോണല്‍ ഹെഡുമാരായ കെ. മുഹമ്മദ് ഷരീജ്, കെ. ഷാനിബ്, മറ്റ് മാനേജ്മെന്റ് അംഗങ്ങള്‍ ചടങ്ങില്‍ പങ്കെടുത്തു.
പെണ്‍കുട്ടികളുടെ വിദ്യാഭ്യാസം പ്രോത്സാഹിപ്പിക്കാനായി ഈ അധ്യായന വര്‍ഷം ഇന്ത്യയില്‍ 21,000ത്തിലധികം പെണ്‍കുട്ടികള്‍ക്ക് വിദ്യാഭ്യാസ സ്കോളര്‍ഷിപ്പ് നല്‍കുന്നതിനായി മലബാര്‍ ഗ്രൂപ്പ് 16 കോടി രൂപ നീക്കിവച്ചിട്ടുണ്ട്.ലോകത്ത് മാറ്റം കൊണ്ടുവരാനുള്ള ഏറ്റവും നല്ല മാര്‍ഗമാണ് വിദ്യാഭ്യാസമെന്ന് മലബാര്‍ ഗ്രൂപ്പ് ചെയര്മാന് എം.പി. അഹമ്മദ് പറഞ്ഞു. 2007 മുതലാണ് പെണ്‍കുട്ടികള്‍ക്കായി ദേശീയ സ്കോളര്‍ഷിപ് പദ്ധതി ആരംഭിച്ചത്. ഇന്ത്യയിലുടനീളം 95,000ത്തില്‍ അധികം പെണ്‍കുട്ടികള്‍ക്ക് സ്കോളര്‍ഷിപ്പുകള്‍ നല്‍കുന്നതിനായി 60 കോടിയിലേറെ രൂപ ചെലവഴിച്ചിട്ടുണ്ട്. തെലങ്കാനയില്‍ മാത്രം 22,400ലധികം പെണ്‍കുട്ടികള്‍ക്കായി 13.74 കോടിയിലധികം രൂപയുടെ സ്കോളര്‍ഷിപ്പുകള്‍ ഇതിനകം വിതരണം ചെയ്തിട്ടുണ്ട്.