മികവുറ്റ വിദ്യാഭ്യാസം നാട്ടിൽ ലഭ്യമാക്കാനാണ് ലക്ഷ്യമെന്ന് മന്ത്രി പി.എ. മുഹമ്മദ് റിയാസ്
1510375
Sunday, February 2, 2025 4:33 AM IST
കോഴിക്കോട്: ആഗോള നിലവാരത്തിലുള്ള മികവുറ്റ വിദ്യാഭ്യാസം നാട്ടിൽ ലഭ്യമാക്കാനാണ് സംസ്ഥാന സർക്കാർ ലക്ഷ്യമെന്ന് മന്ത്രി പി.എ. മുഹമ്മദ് റിയാസ്.
സംസ്ഥാന തൊഴിൽ നൈപുണ്യ വകുപ്പിന്റെ ഭാഗമായുള്ള ഓവർസീസ് ഡെവലപ്മെന്റ് ആന്‍ഡ് എംപ്ലോയ്മെന്റ് പ്രൊമോഷൻ കൺസൽട്ടന്റ് ലിമിറ്റഡ് (ഒഡെപെക്) വിദേശ പഠനത്തിന് ഒരുങ്ങുന്ന വിദ്യാർഥികൾക്കായി കോഴിക്കോട്ട് സംഘടിപ്പിച്ച വിദേശ വിദ്യാഭ്യാസ പ്രദർശനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
വിദേശപഠനം ഭാരമാകരുത്. കൃത്യമായ മാർഗനിർദ്ദേശങ്ങൾ ലഭിക്കാത്തത് മൂലം നിലവാരമില്ലാത്ത സ്ഥാപനങ്ങളിലും സുരക്ഷിതമല്ലാത്ത സാഹചര്യങ്ങളിലും വിദ്യാർത്ഥികൾ എത്തിച്ചേരുന്നു എന്നത് ഖേദകരമാണ്. വിദ്യാർഥികൾക്ക് കൃത്യമായ മാർഗനിർദ്ദേശങ്ങൾ നൽകാൻ സാധിക്കണം.
ഈ രംഗത്ത് നിരവധി വ്യാജ ഏജൻസികളും സാമ്പത്തിക നേട്ടം ലക്ഷ്യമാക്കിയുള്ള സ്വകാര്യ ഏജൻസികളുമുണ്ട്. വിദേശ പഠനം ആഗ്രഹിക്കുന്ന സാധാരണക്കാരായ കുട്ടികൾക്ക് ചുരുങ്ങിയ നിരക്കിൽ അത് സാധ്യമാക്കാൻ പരിശ്രമിക്കുന്ന ഒഡെപെക്കിന്റെ പ്രവർത്തനങ്ങൾ ശ്ലാഘനീയമാണെന്നും മന്ത്രി അഭിപ്രായപ്പെട്ടു.