കൂരാച്ചുണ്ട് പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം: മുസ്ലിംലീഗ് യുഡിഎഫ് ബന്ധം ഉപേക്ഷിക്കാൻ ഒരുങ്ങുന്നു
1494615
Sunday, January 12, 2025 7:25 AM IST
കൂരാച്ചുണ്ട്: പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം യുഡിഎഫ് ജില്ലാ കമ്മിറ്റിയുടെ യോഗ തീരുമാനപ്രകാരം കോൺഗ്രസ് മുസ്ലിം ലീഗിന് വിട്ടുനൽകാത്ത വിഷയത്തിൽ കൂരാച്ചുണ്ട് പഞ്ചായത്ത് യുഡിഎഫ് മുന്നണി ബന്ധം ഉപേക്ഷിക്കാൻ മുസ്ലിം ലീഗ് ഒരുങ്ങുന്നു. 2020 -ൽ നടന്ന തെരഞ്ഞെടുപ്പിൽ പഞ്ചായത്തിലെ 13 സീറ്റുകളിൽ കോൺഗ്രസ് ആറ് സീറ്റും മുസ്ലിം ലീഗ് രണ്ട് സീറ്റും നേടിയാണ് യുഡിഎഫ് അധികാരത്തിലേറിയത്.
യുഡിഎഫ് ജില്ലാ കമ്മിറ്റിയുടെ ധാരണ പ്രകാരം ആദ്യ നാലുവർഷം കോൺഗ്രസും അവസാന ഒരു വർഷം മുസ്ലിം ലീഗിനും പ്രസിഡന്റ് സ്ഥാനം നൽകണമെന്ന് കോൺഗ്രസ് - മുസ്ലിം ലീഗ് ജില്ലാ നേതൃത്വങ്ങളുടെ ധാരണയുണ്ടായിരുന്നുവെന്നാണ് ലീഗ് ആരോപിക്കുന്നത്.
എന്നാൽ നാലുവർഷം കഴിഞ്ഞിട്ടും കോൺഗ്രസ് സ്ഥാനം ഒഴിഞ്ഞുനൽകാൻ തയാറാകാത്ത സാഹചര്യത്തിലാണ് യുഡിഎഫ് മുന്നണി ബന്ധം ഉപേക്ഷിക്കാൻ ലീഗ് ഒരുങ്ങുന്നതെന്ന് നേതാക്കൾ പറഞ്ഞു. ഈ വിഷയത്തിൽ ലീഗ് ശക്തമായ തീരുമാനം എടുക്കാൻ തീരുമാനിച്ചെങ്കിലും യുഡിഎഫ് ജില്ലാ കമ്മിറ്റി ഇടപെട്ട് ജനുവരി അഞ്ചിനുള്ളിൽ കോൺഗ്രസ് ധാരണ പാലിക്കുമെന്ന് ഉറപ്പ് നൽകിയിരുന്നതായും ലീഗ് നേതൃത്വം പറഞ്ഞു.
തീരുമാനമാകാത്ത പക്ഷം ഈ മാസം 14ന് യുഡിഎഫുമായുള്ള ബന്ധം ഉപേക്ഷിക്കുന്നതിന് ലീഗ് നേതൃത്വം തീരുമാനിച്ചതായും മുസ്ലിം ലീഗ് പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് വി.എസ്. ഹമീദ്, സെക്രട്ടറി ഒ.കെ. നവാസ്, ട്രഷറർ അസീസ് വട്ടുകുനി എന്നിവർ അറിയിച്ചു.
ഡിസംബർ 29ന് നാലുവർഷം പൂർത്തിയായതാണ്. എന്നാൽ കോൺഗ്രസ് പ്രാദേശിക നേതൃത്വം ഈ തീരുമാനം അംഗീകരിക്കുന്നില്ല. ഈ വിഷയത്തിൽ ജില്ലാ കമ്മിറ്റി ഒരു വിവരവും അറിയിച്ചിട്ടില്ലെന്ന് മണ്ഡലം കോൺഗ്രസ് പ്രസിഡന്റ് ജോൺസൺ താന്നിക്കൽ അറിയിച്ചു. മാത്രമല്ല യുഡിഎഫ് പഞ്ചായത്ത് കമ്മിറ്റി ഇക്കാര്യത്തിൽ തീരുമാനം എടുത്തിട്ടില്ലെന്നും അറിയിച്ചു.