ഉണ്ണിക്കുട്ടന് വിഷു കൈനീട്ടവുമായി എൻഎസ്എസ് അംഗങ്ങൾ
1542668
Monday, April 14, 2025 4:56 AM IST
താഴേക്കോട്: പാതി തളർന്ന ശരീരവുമായി ജീവിതം തള്ളി നീക്കുന്ന അമ്മിനിക്കാട് അത്തിക്കൽ മുള്ളൻമട ആദിവാസി സദ്ഗ്രാമിലെ ഇരുപത്തിമൂന്നുകാരനായ ഉണ്ണിക്കുട്ടന് ആശ്വാസമായി വിഷു കൈനീട്ടം നൽകി താഴേക്കോട് പിടിഎം ഹയർ സെക്കൻഡറി സ്കൂളിലെ എൻഎസ്എസ് യൂണിറ്റ്. ഉണ്ണിക്കുട്ടന് പ്രാഥമിക വിദ്യാഭ്യാസം ലഭ്യമാക്കുന്നതിന്റെ ഭാഗമായി എൻഎസ്എസിന്റെ ’പ്രഭ’ പദ്ധതിയുടെ ഭാഗമായി ഗാലക്സി ടാബ് നൽകി.
ശാരീരിക വൈകല്യമുള്ള വിദ്യാർഥികളെയും വ്യക്തികളെയും സഹായിക്കുന്ന എൻഎസ്എസ് പദ്ധതിയാണ് ’പ്രഭ’. സ്കൂൾ പ്രിൻസിപ്പൽ ഡോ.സക്കീർ എന്ന സൈനുദീൻ വിഷുകൈനീട്ടമായി ടാബ്, വസ്ത്രം, ഭക്ഷണകിറ്റ് എന്നിവ ഉണ്ണിക്കുട്ടന് സമ്മാനിച്ചു. പ്രോഗ്രാം ഓഫീസർ സി.പി. അൻവർ അധ്യക്ഷത വഹിച്ചു.
അധ്യാപകനായ എം.പി. മുഹമ്മദ് ഹനീഫ, വോളണ്ടിയർ ലീഡർമാരായ പി. മുഹമ്മദ് സാലിം, സി.കെ. ആയിഷ ഹമീദ്, വോളണ്ടിയർമാരായ മുഹമ്മദ് അൽ സാബിത്, പി.കെ. നിഹാൽ, പി.പി. മുഹമ്മദ് ഫുഹാദ്, സി.പി. ആദിൽ, പി.പി. ഇസ്മായിൽ എന്നിവർ നേതൃത്വം നൽകി. ആൻ മരിയ ഷൈജു സ്വാഗതവും സി.പി. ഷാമിൽ നന്ദിയും പറഞ്ഞു.