ശസ്ത്രക്രിയ കൂടാതെ യുവതിയുടെ ഉമിനീർ ഗ്രന്ഥിയിൽ നിന്ന് കല്ല് പുറത്തെടുത്തു
1542670
Monday, April 14, 2025 4:56 AM IST
പെരിന്തൽമണ്ണ: ശസ്ത്രക്രിയ കൂടാതെ നാൽപത്തിനാലുകാരിയുടെ ഉമിനീർ ഗ്രന്ഥിയിൽ കുടുങ്ങിയ കല്ല് നീക്കം ചെയ്തു. പെരിന്തൽമണ്ണ അസെന്റ് ഇഎൻടി ആശുപത്രിയിലെ സർജൻ ഡോ. യദുകൃഷ്ണന്റെ നേതൃത്വത്തിലുള്ള മെഡിക്കൽ സംഘമാണ് മലപ്പുറം സ്വദേശിയായ യുവതിയുടെ ഉമിനീർ ഗ്രന്ഥിയിൽ നിന്ന് എൻഡോസ്കോപ്പിക് വഴി കല്ല് പുറത്തെടുത്തത്.
താടിയെല്ലിന് താഴെ വീക്കംവന്ന് ഭക്ഷണം കഴിക്കാൻ പ്രയാസപ്പെട്ട നിലയിലായിരുന്നു യുവതി ഡോക്ടറെ സമീപിച്ചത്. പ്രാഥമിക പരിശോധനയിൽ അസുഖത്തിന്റെ കാരണം വായയിലെ ഉമിനീർഗ്രന്ഥിയിൽ കല്ല് കുരുങ്ങിയതാണെന്ന് കണ്ടെത്തി. എന്നാൽ മുഖത്തോ കഴുത്തിലോ മുറിവുണ്ടാക്കി മാത്രമേ ഉമിനീർ ഗ്രന്ഥി പൂർണമായും നീക്കം ചെയ്യാനാകൂ എന്നാണ് അവർ മനസിലാക്കിയിരുന്നത്.
തുടർന്ന് വിദഗ്ധ ചികിത്സയ്ക്കായി യുവതിയുമായി ബന്ധുക്കൾ പെരിന്തൽമണ്ണ അസെന്റ് ഇഎൻടി ആശുപത്രിലെത്തി. ഡോ. യദുകൃഷ്ണന്റെ നേതൃത്വത്തിൽ മെഡിക്കൽ സംഘം യുവതിയെ വിദഗ്ധ പരിശോധനകൾക്ക് വിധേയമാക്കുകയും സിബിസിടി എന്ന സ്കാനിംഗിലൂടെ ഉമിനീർ ഗ്രന്ഥിക്കുള്ളിലുള്ള കല്ലിന്റെ വ്യാപ്തി മനസിലാക്കി.
തുടർന്ന് സൈലന്റ് എൻഡോസ്കോപ്പിക് സംവിധാനം വഴി അരമണിക്കൂറിനുള്ളിൽ യുവതിയുടെ ഉമിനീർ ഗ്രന്ഥിയിൽ കുരുങ്ങി കിടന്ന കല്ല് മെഡിക്കൽ സംഘം വായിൽ മുറിവുണ്ടാക്കാതെയും ശസ്ത്രക്രിയ ചെയ്യാതെയും പുറത്തെടുത്തു. ഡോ. യദുകൃഷ്ണൻ, ഡോ. നിബി ഷാജഹാൻ, അനസ്തേഷ്യ വിഭാഗം ഡോ. സി.എച്ച്. ഷബീറലി, ഡോ. എസ്.എ. സോനു എന്നിവർ നേതൃത്വം നൽകി.
ഉമിനീർ ഗ്രന്ഥികളിലെ കല്ലുകളും തടസങ്ങളും തുടർച്ചയായി ഉണ്ടാകുന്ന അണുബാധയും കണ്ടുപിടിക്കുന്നതിനുള്ള നൂതനമായ സംവിധാനമാണ് സൈലന്റ് എൻഡോസ്കോപ്പി. അതുകൊണ്ട് തന്നെ വായയിൽ മുറിവ് വരുത്താതെയും കഴുത്തിലും മുഖത്തും മുറിവുകളും പാടുകളും വരുതാതെയും ഉമിനീർ ഗ്രന്ഥി സംരക്ഷിച്ചും ഇത്തരം അസുഖങ്ങൾക്ക് ചികിത്സ നൽകാൻ കഴിയുമെന്ന് അസന്റ് ഇഎൻടി ആശുപത്രി ചെയർമാനും കോക്ലിയർ ഇംപ്ലാന്റ് ചീഫ് സർജനുമായ ഡോ.പി.കെ. ഷറഫുദീൻ പറഞ്ഞു.