കെഎസ്ആർടിഇഎ കണ്വൻഷൻ നടത്തി
1543044
Wednesday, April 16, 2025 8:00 AM IST
നിലന്പൂർ: കെഎസ്ആർടിസിയിൽ നടക്കാൻ പോകുന്ന ഹിതപരിശോധനയുടെ പശ്ചാത്തലത്തിൽ കേരള സ്റ്റേറ്റ് റോഡ് ട്രാൻസ്പോർട്ട് എംപ്ലോയീസ് അസോസിയേഷന്റെ (സിഐടിയു) നേതൃത്വത്തിൽ കണ്വൻഷൻ നടന്നു. നിലന്പൂർ ഡിപ്പോ പരിസരത്ത് നടന്ന കണ്വൻഷൻ എൽഡിഎഫ് കണ്‍വീനർ ടി.പി. രാമകൃഷ്ണൻ എംഎൽഎ ഉദ്ഘാടനം ചെയ്തു.
തൊഴിലാളികളെ വിശ്വാസത്തിലെടുത്ത് മാത്രമേ കെഎസ്ആർടിസിയുടെ വരുമാനം വർധിപ്പിക്കാൻ കഴിയൂവെന്നും മാനേജ്മെന്റിലെ ചില ഉന്നതർ അനുകൂലമല്ലാത്ത ചില നടപടികൾ സ്വീകരിക്കുന്നത് വരുമാന വർധനവിന് തടസമാകുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. കൈരളിദാസ് അധ്യക്ഷത വഹിച്ചു. യൂണിറ്റ് സെക്രട്ടറി സജിൽ ബാബു, ഖജാൻജി പി. സിദീഖ്, സിപിഎം ഏരിയാ സെക്രട്ടറി കെ. മോഹനൻ, ജോർജ് കെ. ആന്റണി, പി. അഷ്റഫ് എന്നിവർ പ്രസംഗിച്ചു.