അൻവർ ഒരു ഘടകമേ അല്ല: ടി.പി. രാമകൃഷ്ണൻ
1543042
Wednesday, April 16, 2025 8:00 AM IST
നിലന്പൂർ: നിലന്പൂർ ഉപതെരഞ്ഞെടുപ്പിൽ പി.വി. അൻവർ ഒരു ഘടകമേ അല്ലെന്ന് എൽഡിഎഫ് കണ്‍വീനർ ടി.പി. രാമകൃഷ്ണൻ.
നിലന്പൂർ പീവീസ് ഓഡിറ്റോറിയത്തിൽ സിഐടിയു മണ്ഡലം കണ്വൻഷൻ ഉദ്ഘാടനം ചെയ്ത ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇടതുപക്ഷ സർക്കാരിനെതിരെ നടന്ന ഗൂഢാലോചനയുടെ ഭാഗമായാണ് പി.വി. അൻവറിനെ ഇടതുപക്ഷത്തു നിന്ന്് യുഡിഎഫ് പക്ഷത്തേക്ക് മാറ്റിയത്. ഇന്നലെ വരെ യുഡിഎഫിനെ വിമർശിച്ചിരുന്ന പി.വി. അൻവറിന് എങ്ങനെ യുഡിഎഫ് ജനപക്ഷമായി മാറിയതെന്നും ടി.പി.രാമകൃഷ്ണൻ ചോദിച്ചു.
അൻവർ ഉന്നയിച്ച ആരോപണങ്ങളെല്ലാം വസ്തുതാവിരുദ്ധമായിരുന്നുവെന്ന് ജനം മനസിലാക്കി കഴിഞ്ഞു. നിലന്പൂർ മണ്ഡലത്തിൽ തുടർച്ചയായി മൂന്നാം തവണയും എൽഡിഎഫ് വിജയിക്കും. പി.വി. അൻവറിനെ ഒരു ഘടകമായി പോലും എൽഡിഎഫ് കാണുന്നില്ല. പൊതുസമ്മതനായ സ്വതന്ത്ര സ്ഥാനാർഥി വരുമോ എന്ന ചോദ്യത്തിന് ഉചിതമായ സമയത്ത് പാർട്ടി സ്ഥാനാർഥിയെ പ്രഖ്യാപിക്കുമെന്നും ഇക്കാര്യത്തിൽ ആർക്കും ആശങ്ക വേണ്ടെന്നും അദ്ദേഹം പറഞ്ഞു.