കെഎസ്ടിയു സംസ്ഥാന ക്യാന്പ് സമാപിച്ചു
1543048
Wednesday, April 16, 2025 8:00 AM IST
പെരിന്തൽമണ്ണ: കേരളീയ സമൂഹത്തിന്റെ സാമുദായിക സൗഹാർദത്തോടെയുള്ള നിലനിൽപിന് മുസ്ലിം ലീഗ് നൽകുന്ന സംഭാവന ഇതര സമൂഹങ്ങൾ അംഗീകരിച്ചതാണെന്നും രാഷ്ട്രീയ ലാഭത്തിന് വേണ്ടി സമൂഹത്തിൽ വിഷം കലർത്താനുള്ള ശ്രമങ്ങൾ കേരളം തള്ളിക്കളയുമെന്നും മുസ്ലിം ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.എം.എ. സലാം. കഐസ്ടിയു സംസ്ഥാന ക്യാന്പ് ’ഇഗ്നൈറ്റ് 2025’ ന്റെ സമാപന സെഷൻ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കെഎസ്ടിയു സംസ്ഥാന പ്രസിഡന്റ് കെ.എം.അബ്ദുള്ള അധ്യക്ഷത വഹിച്ചു. പെരിന്തൽമണ്ണ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എ.കെ. മുസ്തഫ, എസ്ടിയു ദേശീയ സെക്രട്ടറി അഹമ്മദ്കുട്ടി ഉണ്ണിക്കുളം എന്നിവർ മുഖ്യാതിഥികളായിരുന്നു. സംസ്ഥാന ജനറൽ സെക്രട്ടറി കല്ലൂർ മുഹമ്മദലി, ട്രഷറർ സിദീഖ് പാറോക്കോട്, ഭാരവാഹികളായ പി.കെ. അസീസ്, മജീദ് കാടേങ്ങൽ, പി.കെ.എം. ഷഹീദ് എന്നിവർ പ്രസംഗിച്ചു.
സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നായി 80 പ്രതിനിധികളാണ് ദ്വിദിന ക്യാന്പിൽ പങ്കെടുത്തത്. ഭരണത്തിലെത്തി ഒന്പത് വർഷമായിട്ടും വിദ്യാഭ്യാസ മേഖലയിലെ അടിസ്ഥാന പ്രശ്നങ്ങൾ പരിഹരിക്കാൻ കഴിയാത്ത ഇടത് സർക്കാർ തികഞ്ഞ പരാജയമാണെന്ന് ക്യാന്പ് വിലയിരുത്തി. കുടിശികയായ ക്ഷാമബത്ത, ശന്പള പരിഷ്കരണ കുടിശിക, ക്ഷാമബത്തയുടെ മുൻകാല പ്രാബല്യം എന്നിവ ഉടൻ അനുവദിക്കണമെന്ന് കഐസ്ടിയു ക്യാന്പ് ആവശ്യപ്പെട്ടു.
എ.പി. അസീസ്, ഇസ്മയിൽ പൂതനാരി, പി.വി ഹുസൈൻ, അബ്ദുൾ ഗഫൂർ, ടി.എം.എം. ജിജുമോൻ, കെ.വി.ടി. മുസ്തഫ, കെ.എം. സാലിഹ, പി. സാജിദ, ബഷീർ തൊട്ടിയൻ, എ.പി.അബ്ദുൾ നാസർ, ടി.കെ.അബ്ദുൾ കരീം എന്നിവർ സംഘടനാ ചർച്ചയിൽ വിഷയാവതരണം നടത്തി. ഐ.ഹുസൈൻ, കെ. ഫസൽ ഹഖ്, കെ.പി റഊഫ്, പി.ടി.എം. ഷറഫുന്നീസ. ഇ.ആർ. അലി, പി. മുനീർ, റെജി തടിക്കാട്, ജബ്ബാർ കങ്ങഴ, ബഷീർ മണ്ടോടി തുടങ്ങിയവർ പങ്കെടുത്തു.