അധ്യാപനം മികവുറ്റതാക്കാൻ പരിശീലനം അനിവാര്യം: ജിഫ്രി മുത്തുക്കോയ തങ്ങൾ
1543047
Wednesday, April 16, 2025 8:00 AM IST
കൊണ്ടോട്ടി: അധ്യാപനം മികവുറ്റതാക്കാൻ പരിശീലനം അനിവാര്യമാണെന്ന് സമസ്ത കേരള ജംഇയ്യത്തുൽ ഉലമാ പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങൾ പറഞ്ഞു. സമസ്ത കേരള ഇസ്ലാം മത വിദ്യാഭ്യാസ ബോർഡിന് കീഴിൽ ഒന്ന് മുതൽ നാല് വരെ പരിഷ്കരിച്ച മദ്രസ പാഠപുസ്തകങ്ങളെ അടിസ്ഥാനമാക്കി മുഅല്ലിംകൾക്ക് നൽകുന്ന പരിശീലനത്തിന്റെ സംസ്ഥന തല ഉദ്ഘാടനം നിർവഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.
പാഠ്യപദ്ധതിയിലെയും പരിശീലനങ്ങളിലെയും കാലാനുസൃത മാറ്റങ്ങൾ മുൻകാല പണ്ഡിതർ കാണിച്ചുതന്ന മാതൃകയാണെന്നും തങ്ങൾ പറഞ്ഞു. വിദ്യാർഥികളെ മനസിലാക്കി അവർക്ക് അനുയോജ്യമായ രീതിയിൽ അധ്യാപനം നടത്താൻ മുൻവായനയും അപഗ്രഥനവും ആവശ്യമാണ്. പാഠഭാഗങ്ങളെ കുറിച്ച് വ്യക്തമായ ധാരണ അധ്യാപകർക്ക് ഉണ്ടായിരിക്കണം. എന്നാൽ മാത്രമേ മികവുറ്റ അധ്യാപനം സാധ്യമാകുകയുള്ളൂ തങ്ങൾ പറഞ്ഞു.
കൊണ്ടോട്ടി ചിറയിൽ ചുങ്കം മഅ്ദനുൽ ഉലൂം സെക്കണ്ടറി മദ്രസയിൽ നടന്ന പരിപാടിയിൽ സമസ്ത കേരള ഇസ്ലാം മത വിദ്യാഭ്യാസ ബോർഡ് ജനറൽ സെക്രട്ടറി എം.ടി. അബ്ദുള്ള മുസ്ലിയാർ അധ്യക്ഷത വഹിച്ചു. സമസ്ത കേരള ജംഇയ്യത്തുൽ മുഅല്ലിമീൻ സെൻട്രൽ കൗണ്സിൽ ജനറൽ സെക്രട്ടറി വാക്കോട് മൊയ്തീൻകുട്ടി ഫൈസി മുഖ്യപ്രഭാഷണം നടത്തി.
എസ്കെജെഎം മലപ്പുറം ഈസ്റ്റ് ജില്ലാ പ്രസിഡന്റ് ഒ.എം.എസ്. തങ്ങൾ മേലാറ്റൂർ, എസ്കെജഐംസിസി സെക്രട്ടറിമാരായ കൊടക് അബ്ദുറഹ്മാൻ മുസ്ലിയാർ, കെ.ടി. ഹുസൈൻകുട്ടി മൗലവി, സംസ്ഥാന എക്സിക്യുട്ടീവ് മെംബർ സി. മുഹമ്മദലി മുസ്ലിയാർ തുടങ്ങിയവർ പ്രസംഗിച്ചു. മാനേജ്മെന്റ് പരിശീലനങ്ങളുടെ സംസ്ഥാനതല ഉദ്ഘാടനം 22 ന് രാവിലെ 10 മണിക്ക് കോഴിക്കോട് സമസ്ത ഓഡിറ്റോറിയത്തിൽ നടക്കും.