മാന്പുഴ- ഐലാശേരി റോഡ് നവീകരിച്ചു
1542669
Monday, April 14, 2025 4:56 AM IST
തുവൂർ: തുവൂർ ഗ്രാമപഞ്ചായത്തിൽ നവീകരിച്ച മാന്പുഴ- ഐലാശേരി റോഡ് ഗതാഗതത്തിന് തുറന്ന് കൊടുത്തു. ജില്ലാ പഞ്ചായത്ത് 2023-24 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി അനുവദിച്ച 40 ലക്ഷം രൂപ ചെലവിലാണ് റോഡ് നവീകരിച്ചത്.
തുവൂർ ഗ്രാമപഞ്ചായത്തിലൂടെ കടന്നുപോകുന്ന പ്രധാനപാതകളിൽ ഒന്നാണ് മാന്പുഴ മുതൽ ഐലാശേരി വരെയുള്ളത്. റോഡിന്റെ പല ഭാഗങ്ങളും വർഷങ്ങളായി തകർന്നുകിടക്കുകയായിരുന്നു.
ഇതേ തുടർന്നാണ് മലപ്പുറം ജില്ലാ പഞ്ചായത്ത്’ 40 ലക്ഷം രൂപ വകയിരുത്തി റോഡ് ടാറിംഗ് നടത്തുകയും വശങ്ങൾ കോണ്ക്രീറ്റ് ചെയ്ത് വീതി കൂട്ടി നവീകരിക്കുകയും ചെയ്തത്. ജില്ലാ പഞ്ചായത്തംഗം വി.പി. ജസീറ റോഡിന്റെ ഉദ്ഘാടനം നിർവഹിച്ചു.
പ്രസിഡന്റ് സി.ടി. ജസീന അധ്യക്ഷത വഹിച്ചു. സ്ഥിരം സമിതി അധ്യക്ഷരായ ടി.എ.ജലീൽ, എൻ.പി. നിർമല , വാർഡ് അംഗം സാലിം ബാപ്പുട്ടി, പി.ടി ജ്യോതി, എം. കുഞ്ഞാപ്പു, ടി. കമ്മുട്ടി ഹാജി, എ.പി. അസ്ക്കർ, പി. കുഞ്ഞീതു,
പി. മൊയ്തീൻ, നാസർ മാനു, പി. ഉണ്ണിമാൻ, ലാലു പറവെട്ടി, ഉവൈസ് യമാനി , പി.കെ. ബുഷ്റ, പി. മൈമുന ഗഫൂർ, പി.കെ. ലത്തീഫ്, റഫീഖ് കള്ളിക്കാടൻ, എ.പി. ഉനൈസ്, ടി. മുരളീധരൻ തുടങ്ങിയവർ പ്രസംഗിച്ചു.