തൂത പാലം നിർമാണം പുരോഗതിയിൽ
1543039
Wednesday, April 16, 2025 8:00 AM IST
പെരിന്തൽമണ്ണ: മുണ്ടൂർ -തൂത സംസ്ഥാനപാത നവീകരണത്തിന്റെ ഭാഗമായി തൂതപ്പുഴക്ക് കുറുകെ നിർമിക്കുന്ന പുതിയ പാലത്തിന്റെ നിർമാണ പ്രവൃത്തികൾ പുരോഗമിക്കുന്നു. പഴയ പാലത്തിന് സമാന്തരമായാണ് 190 മീറ്റർ നീളത്തിലും 10.5 മീറ്റർ വീതിയിലും പുതിയ പാലം പണിയുന്നത്. പാലത്തിന്റെ ഇരുവശങ്ങളിലും ഒരു മീറ്റർ വീതിയിൽ നടപ്പാതയും നിർമിക്കുന്നുണ്ട്. നിലവിൽ പാലത്തിന്റെ തൂണുകൾ നിർമിക്കുന്നതിന്റെ പ്രവൃത്തികളാണ് നടക്കുന്നത്്.
പുഴയിലെ വെള്ളം തടഞ്ഞ് നിർത്തി ഓവുചാലുകളിലൂടെ കടത്തിവിട്ടാണ് പ്രവൃത്തികൾ നടക്കുന്നത്. മഴയ്ക്കു മുന്പായി തൂണുകളുടെ പ്രവൃത്തി പൂർത്തിയാക്കുകയാണ് ലക്ഷ്യം. കാലങ്ങളായി ഉയരുന്ന ആവശ്യമാണ് തൂതപ്പുഴക്ക് കുറുകെ പുതിയ പാലം. ബ്രിട്ടീഷ് ഭരണകാലത്ത് 1935ൽ പണിതതാണ് നിലവിലെ പാലം. 90 വർഷം പഴക്കമുള്ള പാലം ബലക്ഷയം നേരിടുന്നതിനാൽ പാലം പുതുക്കി പണിയണമെന്നാവശ്യത്തിന് പഴക്കമേറെയുണ്ട്. നിലവിലെ പാലത്തിലൂടെ രണ്ടു വാഹനങ്ങൾക്ക് കടന്നുപോകാനും ഏറെ പ്രയാസമാണ്.
മുണ്ടൂർ- തൂത നാലുവരിപ്പാതയുടെ പ്രയോജനം ലഭിക്കണമെങ്കിൽ തൂതയിൽ പുതിയ പാലം അനിവാര്യമാണ്. റീ ബിൽഡ് കേരളയിൽ ഉൾപ്പെടുത്തിയും 364 കോടി രൂപ ചെലവിലുമാണ് മുണ്ടൂർ -തൂത സംസ്ഥാനപാതയുടെ നവീകരണം നടക്കുന്നത്.