കൗമാരം സംഘർഷങ്ങൾക്കപ്പുറം: കാന്പയിനുമായി പരിഷത്ത് ജില്ലാ സമ്മേളനം സമാപിച്ചു
1542667
Monday, April 14, 2025 4:56 AM IST
എടപ്പാൾ: വർത്തമാനകാല തലമുറ നേരിടുന്ന പ്രതിസന്ധികളെ ശാസ്ത്രീയമായി വിശകലനം ചെയ്ത് പ്രാദേശികതലത്തിൽ പ്രായോഗിക പ്രവർത്തനങ്ങൾ സംഘടിപ്പിക്കാൻ കേരള ശാസ്ത്രസാഹിത്യ പരിഷത്ത് ജില്ലാ സമ്മേളനം തീരുമാനിച്ചു.
കൗമാരം സംഘർഷങ്ങൾക്കപ്പുറം എന്ന ആശയത്തിൽ സ്വീറ്റ് ടീൻ, ഡ്രീം ടീൻ, ടീൻ ഹൊറൈസണ്‍ എന്ന ഹാഷ് ടാഗിൽ ജില്ലയിലെ മുഴുവൻ വാർഡുകളിലും വീട്ടുമുറ്റങ്ങൾ, വിദ്യാലയങ്ങൾ, വായനശാലകൾ, റസിഡന്റ്സ് അസോസിയേഷനുകൾ തുടങ്ങിയ ഇടങ്ങളിൽ രാഷ്ട്രീയ,സാമൂഹിക,സാംസ്കാരിക സംഘടനകളെ കണ്ണിചേർത്ത് വിപുലമായ കാന്പയിൻ മേയ് മാസത്തിൽ ആരംഭിക്കും. പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനുള്ള കാന്പയിൻ സെല്ലിന് സമ്മേളനം രൂപം നൽകി.
ക്വാണ്ടം സിദ്ധാന്തത്തിന് നൂറുവയസു തികയുന്ന പശ്ചാത്തലത്തിൽ കാന്പസുകൾ കേന്ദ്രീകരിച്ച് ശാസ്ത്രാവബോധ പരിപാടികൾ നടത്താനും സമ്മേളനം തീരുമാനിച്ചു. ഇതിന്റെ ഭാഗമായി മലപ്പുറത്ത് മൂന്നു ദിവസത്തെ സയൻസ് ഫെസ്റ്റിവൽ സംഘടിപ്പിക്കും. രണ്ടുദിവസമായി എടപ്പാളിൽ നടന്ന ജില്ലാ സമ്മേളനത്തിൽ ജില്ലാ പ്രസിഡന്റ് സി.പി.സുരേഷ്ബാബു അധ്യക്ഷനായിരുന്നു. സമ്മേളനത്തിന്റെ സമാപന ദിവസമായ ഇന്നലെ, കൗമാരം സംഘർഷങ്ങൾക്കപ്പുറം : സ്വീറ്റ് ടീൻ, ഡ്രീം ടീൻ, ടീൻ ഹൊറൈസണ്‍ പാനൽ ചർച്ച നടന്നു.
ജുവനൈൽ ജസ്റ്റിസ് ബോർഡംഗം അഡ്വ.ഷാജേഷ് ഭാസ്ക്കർ, കാലിക്കട്ട് യൂണിവേഴ്സിറ്റി സൈക്കോളജി വിഭാഗം ഫാക്കൽറ്റി വി.വി. അപർണ, തൃശൂർ ഗവണ്മെന്റ് മാനസികാരോഗ്യകേന്ദ്രം സീനിയർ കണ്‍സൾട്ടന്റ് ഡോ.എസ്.വി. സുബ്രഹ്മണ്യൻ, ലഹരി മുക്തം മലപ്പുറം ജില്ലാ കോ ഓർഡിനേറ്റർ ബി.ഹരികുമാർ എന്നിവർ പങ്കെടുത്തു. പരിഷത്ത് കേന്ദ്ര നിർവാഹക സമിതിയംഗം വി.വിനോദ് മോഡറേറ്ററായിരുന്നു. ജില്ലയുടെ വിവിധ മേഖലകളിൽ നിന്ന് ഇരുനൂറ് പ്രതിനിധികളാണ് രണ്ടുദിവസത്തെ സമ്മേളനത്തിൽ പങ്കെടുത്തത്.
പുതിയ ഭാരവാഹികൾ: സി.പി. സുരേഷ്ബാബു (പ്രസിഡന്റ്), വി.രാജലക്ഷ്മി (സെക്രട്ടറി), സുബ്രഹ്മണ്യൻ പാടുകണ്ണി (ട്രഷറർ), അനൂപ് മണ്ണഴി, പി. ശരത് (ജോയിന്റ് സെക്രട്ടറി), എൻ.സ്മിത, പി. സന്തോഷ് (വൈസ് പ്രസിഡന്റ്). 34 അംഗ ജില്ലാ കമ്മിറ്റിയെയും തെരഞ്ഞെടുത്തു.