നിലന്പൂർ ഉപതെരഞ്ഞെടുപ്പ്: കോണ്‍ഗ്രസിൽ സ്ഥാനാർഥി നിർണയം സങ്കീർണമാകുന്നു
1543046
Wednesday, April 16, 2025 8:00 AM IST
നിലന്പൂർ: നിലന്പൂർ ഉപതെരഞ്ഞെടുപ്പ് ഏതുനിമിഷവും പ്രഖ്യാപിക്കാനിരിക്കേ കോണ്‍ഗ്രസിൽ സ്ഥാനാർഥി നിർണയം സങ്കീർണമാകുന്നു. നിലപാട് കടുപ്പിച്ച് സ്ഥാനാർഥി പട്ടികയിലുള്ള വി.എസ്. ജോയിയും ആര്യാടൻ ഷൗക്കത്തും.
എ.പി.അനിൽകുമാർ എംഎൽഎ, കെപിസിസി ജനറൽ സെക്രട്ടറി ആര്യാടൻ ഷൗക്കത്തുമായി നടത്തിയ സമവായ ചർച്ചയും വിജയം കണ്ടില്ല. ഇന്നലെ വൈകുന്നേരം അഞ്ച് മണിയോടെയാണ് എ.പി.അനിൽകുമാർ എംഎൽഎ നിലന്പൂർ റസ്റ്റ് ഹൗസിൽ ആര്യാടൻ ഷൗക്കത്തുമായി നീണ്ട നേരം ചർച്ച നടത്തിയത്. എന്നാൽ തന്റെ അവകാശവാദത്തിൽ നിന്ന് പിന്നോട്ട് പോകാൻ ഷൗക്കത്ത് തയാറായിട്ടില്ല.
വി.എസ്. ജോയിക്ക് വേണ്ടി അണിയറയിൽ കരുനീക്കം ശക്തമാക്കി പി.വി. അൻവറും രംഗത്തുണ്ട്. ഏതുസമയത്തും നിലന്പൂർ ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപനം ഉണ്ടാകാൻ സാധ്യത നിലനിൽക്കുന്ന സാഹചര്യത്തിലാണ് കോണ്‍ഗ്രസ് നേതൃത്വം സമവായ ചർച്ച സജീവമാക്കിയിട്ടുള്ളത്. നിലവിൽ വി.എസ്. ജോയിയെ സ്ഥാനാർഥിയാക്കാനുള്ള നീക്കത്തിനാണ് പാർട്ടിക്കുള്ളിൽ മുൻഗണന ലഭിച്ചിട്ടുള്ളത് എന്നാണ് സൂചന. എന്നാൽ നിലന്പൂർ സീറ്റിൽ ഒരിക്കൽ കൂടി അവസരം നൽകണമെന്ന ആവശ്യത്തിൽ ഉറച്ച് നിൽക്കുകയാണ് ആര്യാടൻ ഷൗക്കത്ത്.
ഇക്കുറി ആവശ്യം നിരസിച്ചാൽ നിലന്പൂർ മണ്ഡലത്തിലെ സാധ്യത എന്നേക്കുമായി അടയുമെന്ന തിരിച്ചറിവും ആര്യാടൻ ഷൗക്കത്തിനുണ്ട്. മലപ്പുറം ജില്ലയിലെ കോണ്‍ഗ്രസിൽ ശക്തമായ പിൻബലമുള്ള എ ഗ്രൂപ്പ് ആര്യാടൻ ഷൗക്കത്തിനായി രംഗത്തുണ്ട്. എ.പി.അനിൽകുമാർ എംഎൽഎയ്ക്ക് സമവായം കണ്ടെത്തുക എളുപ്പമാകില്ല. അതിനാൽ തന്നെ സംസ്ഥാനത്തെ പ്രമുഖ നേതാക്കൾ ഇടപ്പെട്ട് സമവായ ചർച്ചകൾ തുടരും. എത്രയും പെട്ടെന്ന് ഒറ്റ സ്ഥാനാർഥിയിലേക്ക് എത്തുക എന്ന ലക്ഷ്യമാണ് സംസ്ഥാന കോണ്‍ഗ്രസ് നേത്വത്തിനുള്ളത്.
ഇലക്ഷൻ പ്രഖ്യാപിച്ചാൽ ഉടൻ തന്നെ കെപിസിസി നൽകുന്ന സ്ഥാനാർഥി ലിസ്റ്റിൽ നിന്ന് ഹൈക്കമാൻഡ് സ്ഥാനാർഥിയെ പ്രഖ്യാപിക്കും. 2016 ലും 2021 ലും സ്ഥാനാർഥി പ്രഖ്യാപനവുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസിനുള്ളിൽ നടന്ന ചേരിതിരിവാണ് കോണ്‍ഗ്രസിന്റെ കുത്തക മണ്ഡലമായിരുന്ന നിലന്പൂർ നഷ്ടമാകാൻ കാരണം. ഇത് ഈ ഉപതെരഞ്ഞെടുപ്പിൽ ആവർത്തിക്കാതിരിക്കാനാണ് കോണ്‍ഗ്രസ് നീക്കം. വി.എസ്. ജോയിക്കും ആര്യാടൻ ഷൗക്കത്തിനുമായി ചരടുവലി ഓരോ ദിവസവും ശക്തമായി കൊണ്ടിരിക്കുകയാണ്.