പോലീസ് ഉദ്യോഗസ്ഥ അപമര്യാദയായി പെരുമാറിയെന്ന് നഗരസഭ വൈസ് ചെയർപേഴ്സണ്
1542666
Monday, April 14, 2025 4:56 AM IST
നിലന്പൂർ: പാരതിക്കാരിയോടും കൂടെയുള്ളവരോടും വനിതാ പോലീസ് ഉദ്യോഗസ്ഥ മോശമായി പെരുമാറിയതായി പരാതി. നിലന്പൂർ നഗരസഭ വൈസ് ചെയർപേഴ്സണ് അരുമ ജയകൃഷ്ണനാണ് ഇതുസംബന്ധിച്ച് മുഖ്യമന്ത്രി, സംസ്ഥാന പോലീസ് മേധാവി, ജില്ലാ പോലീസ് മേധാവി എന്നിവർക്ക് പരാതി നൽകിയത്. നിലന്പൂർ സ്റ്റേഷനിലെ വനിതാ ഉദ്യോഗസ്ഥക്ക് എതിരെയാണ് പരാതി.
കഴിഞ്ഞ 11ന് വൈകുന്നേരം 6.30തോടെയാണ് പരാതിക്ക് ആസ്പദമായ സംഭവം ഉണ്ടായതെന്ന് അരുമ ജയകൃഷ്ണൻ പറഞ്ഞു. പെരിന്തൽമണ്ണയിൽ നിന്ന് സുൽത്താൻ ബത്തേരിയിലേക്ക് പോവുകയായിരുന്ന കെഎസ്ആർടിസി ബസിലെ യാത്രക്കാരിക്ക് യാത്ര ചെയ്ത ആളിൽ നിന്ന് മർദനം ഏൽക്കുകയായിരുന്നു. വിധവയായ പരാതിക്കാരി സംഭവം തന്നോട് വിളിച്ചുപറഞ്ഞു. ജനറൽ സീറ്റിൽ ഇരുന്ന ഇവർ വടപുറത്ത് എത്തിയപ്പോൾ ബത്തേരി ഭാഗത്തേക്ക് പോവുകയായിരുന്ന യാത്രക്കാരിക്ക് സീറ്റ് നൽകി.
ഇതിൽ പ്രകോപിതനായാണ് യാത്രക്കാരൻ ഇവരെ മർദിച്ചത്. സംഭവം കണ്ടക്ടറോട് പറയാൻ താൻ ആവശ്യപ്പെട്ടു. പരാതി ഉണ്ടെങ്കിൽ പോലീസ് സ്റ്റേഷനിലേക്ക് വണ്ടി വിടാമെന്ന് കണ്ടക്ടർ പറഞ്ഞതായി അവർ പറഞ്ഞപ്പോൾ പോലീസ് സ്റ്റേഷനിലേക്ക് പൊയ്ക്കോളാൻ താൻ ആവശ്യപ്പെട്ടു.
തുടർന്ന് രണ്ട് സഹപ്രവർത്തകരോടൊപ്പം താൻ പോലീസ് സ്റ്റേഷനിൽ എത്തുകയും മർദിച്ച ആൾക്കെതിരെ നടപടി എടുക്കണമെന്നും ആവശ്യപ്പെട്ടു. എന്നാൽ പരാതിക്കാരിയെ ബസിൽ നിർത്തിയും മർദിച്ചയാൾക്ക് ഇരിക്കാൻ സീറ്റ് നൽകുകയും ചെയ്യുന്ന നിലപാടാണ് ഈ വനിതാ ഉദ്യോഗസ്ഥ സ്വീകരിച്ചത്. ഇതിനിടെ പരാതി വാങ്ങാൻ കൂട്ടാക്കത്തതിനാൽ പരാതി സ്വീകരിക്കണമെന്ന് താൻ ആവശ്യപ്പെട്ടു.
നഗസഭാ വൈസ് ചെയർപേഴ്സണായ തന്നെ സ്റ്റേഷനിൽ നിന്ന് ഇറക്കിവിടാൻ പോലീസുകാരോട് ഇവർ ആവശ്യപ്പെട്ടുവെന്നും അരുമ ജയകൃഷ്ണൻ പറഞ്ഞു. ചൊവ്വാഴ്ച ചേരുന്ന നിലന്പൂർ നഗരസഭ കൗണ്സിൽ യോഗത്തിൽ ഇവർക്കെതിരെ പ്രമേയം അവതരിപ്പിക്കുമെന്നും അരുമ ജയകൃഷ്ണൻ വ്യക്തമാക്കി. സിപിഎം നിലന്പൂർ ഏരിയാ കമ്മിറ്റി അംഗം, ജനാധിപത്യ മഹിളാ അസോസിയേഷൻ ജില്ലാ എക്സിക്യൂട്ടിവ് കമ്മിറ്റി അംഗം കൂടിയാണ് അരുമ ജയകൃഷ്ണൻ.