സ്കൂൾ അഡ്മിഷൻ ഉത്സവമാക്കി കുറ്റൂർ നോർത്ത് സ്കൂൾ
1542665
Monday, April 14, 2025 4:56 AM IST
വേങ്ങര: പൊതുവിദ്യാലയങ്ങളിൽ കുട്ടികളെ ചേർക്കാൻ അധ്യാപകരും സ്കൂൾ അധികൃതരും നെട്ടോട്ടം ഓടുന്പോൾ അഡ്മിഷൻ ഉത്സവമാക്കി മാതൃകയാവുകയാണ് കുറ്റൂർ നോർത്ത് എംഎച്ച്എം എൽപി സ്കൂൾ. അഡ്മിഷന് ആദ്യദിനത്തിൽ ഒന്നാം ക്ലാസിലേക്ക് പേര് ചേർക്കാൻ നൂറിൽപരം കുരുന്നുകളാണ് സ്കൂളിലെത്തിയത്. ’മുകുളങ്ങൾ അറ്റ് 25’ എന്ന പേരിലാണ് അഡ്മിഷൻ നടത്തിയത്.
കുരുന്നുകൾക്ക് ആഹ്ലാദിക്കാനും ഉല്ലസിക്കാനും ഒട്ടനേകം കളിക്കോപ്പുകളും പഠനോപകരണങ്ങളും സൂപ്പർമാർക്കറ്റുകളിലേതുപോലെ സ്കൂളിൽ ഒരുക്കിവച്ചത് രക്ഷാകർത്താക്കൾക്കൊപ്പമെത്തിയ കുരുന്നുകളെ അത്ഭുതപ്പെടുത്തി. സ്വന്തം പേര് എഴുതിയ പെൻസിലും കൈയിലേന്തിയ കുരുന്നുകൾ ’ജിബിലി’യുടെ അടുത്തേക്ക് ചെന്ന് അവർ എടുക്കുന്ന നറുക്ക് എന്താണോ ആ മെഗാ ബംബർ സമ്മാനം ഉടൻ തന്നെ കുരുന്നുകൾക്ക് കൈമാറുന്നത് കുഞ്ഞുങ്ങളെ സന്തോഷഭരിതരാക്കുകയാണ്.
ഇവിടെയൊരുക്കിയ സ്വീറ്റ്സ് പാലസിൽ എത്തുന്ന കുരുന്നുകളെ കാത്തിരിക്കുന്നത് മധുരലോകമാണ്. വിസ്മയലോകത്ത് വിരാജിച്ച് പുറത്തിറങ്ങുന്പോൾ ഇനി ഭവനത്തിലേക്കില്ലയെന്ന് കുട്ടിയുടെ മനസ് മന്ത്രിക്കുന്ന കാഴ്ചയാണ് കുറ്റൂർ നോർത്ത് എംഎച്ച്്എം എൽപി സ്കൂളിൽ കാണാൻ കഴിയുന്നത്. മാറുന്ന കാലത്ത് മാറ്റം ഉൾകൊണ്ട് ആധുനിക പൗരൻമാരെ സൃഷ്ടിക്കാൻ ഈ വിദ്യാലയം തയാറെടുക്കുകയാണ്. ഇതിനോടൊപ്പം നടക്കുന്ന നഴ്സറി അഡ്മിഷനും ഇതേരീതികളിൽ തന്നെയാണ് നടക്കുന്നത്.
നൂറുക്കണക്കിന് മുകുളങ്ങൾ പൂക്കളായി മാറുന്ന വേറിട്ടൊരു അഡ്മിഷൻ രീതിയാണ് സ്കൂളിൽ ഒരുക്കിയിരിക്കുന്നത്. ചടങ്ങിൽ സ്കൂൾ മനേജർ കെ.പി ഹുസൈൻ ഹാജി, പ്രധാനാധ്യാപകൻ ഉണ്ണി, പിടിഎ പ്രസിഡന്റ് കെ.പി. നിഷാദ്, വൈസ് പ്രസിഡന്റ് എം.കെ. അലിയു, എംടിഎം പ്രസിഡന്റ് അഞ്ജലി, പിടിഎ അംഗം ജയ്ഫർ, അസീസ് കാന്പ്രൻ, ഷംസു (എസ്എസ്ജി), അധ്യാപകരായ രാജു, ബിന്ദു, ഉബൈദ്, ഗീത തുടങ്ങിയവർ സംബന്ധിച്ചു.