വണ്ടൂരിലെ ഭിന്നശേഷി ചെണ്ടമേള സെറ്റിന് വിഷുക്കൈനീട്ടം
1542295
Sunday, April 13, 2025 5:40 AM IST
വണ്ടൂർ: വണ്ടൂരിലെ ഭിന്നശേഷി ചെണ്ടമേള സെറ്റ് നിലവിൽ വന്നതിനു ശേഷം സംഘത്തിന് ആദ്യ വിഷുക്കൈനീട്ടം എന്നും ഓർത്തിരിക്കാനാകുന്നതാക്കി മാറ്റുകയാണ് വ്യാപാരിയായ കെ. യൂസഫ്.
ഇവർക്ക് ആവശ്യമായ ചെണ്ടകൾ വാങ്ങാനുള്ള പണം നൽകിയതിനു പുറമേ ആദ്യപ്രകടനത്തിന് വേദിയൊരുക്കുകയും തുടർന്ന് ആദ്യത്തെ പ്രതിഫലവും യൂസഫ് നൽകി. കഴിഞ്ഞ ദിവസമാണ് വണ്ടൂർ ആശ്രയ ഭിന്നശേഷി സ്കൂളിലെ വിദ്യാർഥികൾ വാർഷികാഘോഷത്തിൽ ചെണ്ടയിൽ അരങ്ങേറ്റം കുറിച്ചത്.
ഒന്പതംഗ സംഘത്തെ ചാലിയാർ ഉണ്ണിയാണ് കുറഞ്ഞ സമയത്തിനുള്ളിൽ സൗജന്യമായി ചെണ്ടമേളം അഭ്യസിപ്പിച്ചത്. കൈയ്ക്ക് സ്വാധീനക്കുറവുള്ളവർ വരെ ഇക്കട്ടത്തിലൂണ്ട്. ഇതിൽ സംസാരശേഷിയും കേൾവി ശക്തിയുമില്ലാത്ത തസ്നിയുടെ പ്രകടനമാണ് ശ്രദ്ധേയം. അന്ന് അഞ്ചു ചെണ്ടകൾ ആവശ്യമുള്ളിടത്ത് മൂന്നെണ്ണം വണ്ടൂരിലെ വിവിധ സംഘടനകൾ മുൻകൈയെടുത്ത് വാങ്ങി നൽകി.
ബാക്കി രണ്ടെണ്ണം വാടകയ്ക്ക് എടുത്തായിരുന്നു കുട്ടികൾ അരങ്ങേറ്റം നടത്തിയത്. ഇക്കാര്യം വാർത്തകളിലൂടെ അറിഞ്ഞതോടെയാണ് വണ്ടൂരിലെ വസ്ത്ര വ്യാപാരിയായ യൂസഫ് വിഷുക്കാലത്ത് ഇവർക്ക് ചെണ്ടകൾ വാങ്ങിനൽകിയത്. കൂടാതെ ഇവർക്ക് പ്രകടനത്തിനായി തന്റെ വ്യാപാരസ്ഥാപനത്തിൽ ആദ്യവേദിയൊരുക്കുകയും എല്ലാവർക്കും പ്രതിഫലം നൽകുകയും ചെയ്തു.
ചടങ്ങിൽ ജീവകാരുണ്യ പ്രവർത്തകയും വണ്ടൂർ കഫെ കുടുംബശ്രീ പ്രസിഡന്റ് കെ.സി. നിർമലസംഘത്തിലെ അംഗങ്ങൾക്ക് വിഷുക്കൈനീട്ടം നൽകി. അരങ്ങേറ്റം ഗംഭീരമായതോടെയാണ്ചെണ്ടമേളത്തിൽ ഒരു ബാൻഡ്സെറ്റ് രൂപീകരിക്കാൻ തീരുമാനിച്ചത്. ഇനി ഉദ്ഘാടന ചടങ്ങുകളിലും മറ്റും സജീവമാകാൻ തന്നെയാണ് ഇവരുടെ തീരുമാനം.