ഹോട്ടൽ വ്യവസായം പ്രതിസന്ധിയിലെന്ന്
1542294
Sunday, April 13, 2025 5:40 AM IST
മലപ്പുറം : നിയന്ത്രണമില്ലാതെ കുതിച്ചുയരുന്ന നിത്യോപയോഗ സാധനങ്ങളുടെ വിലക്കയറ്റം, മുനിസിപ്പൽ, പഞ്ചായത്ത് ലൈസൻസ് ഫീസ്, ഫുഡ് സേഫ്റ്റി, വൈദ്യുതി ബിൽ, മറ്റു നികുതികളുടെ വർധനവ്, മാലിന്യ സംസ്കരണത്തിന്റെ പേരു പറഞ്ഞ് പൊലുഷ്യൻ കണ്ട്രോൾ ബോർഡിന്റെ കർശന നിബന്ധനകൾ,
തൊഴിലാളികളുടെ ക്രമാതീതമായ ശന്പള വർധനവ് എന്നിവ കാരണം ഹോട്ടൽ വ്യവസായം പ്രതിസന്ധിയിലാണെന്നും പല സ്ഥാപനങ്ങളും അടച്ചുപൂട്ടൽ ഭീഷണി നേരിട്ടുകൊണ്ടിരിക്കയാണെന്നും ഹോട്ടൽ ആൻഡ് റെസ്റ്റോറന്റ് അസോസിയേഷൻ മലപ്പുറം ജില്ലാ കമ്മിറ്റി ഭാരവാഹികൾ ചൂണ്ടിക്കാട്ടി.
ജില്ലയിൽ 30 ശതമാനം ഹോട്ടലുകളാണ് റംസാന് ശേഷം തുറക്കാൻ കഴിയാതെ അടച്ചുപൂട്ടിയത്. ഇനിയും നിരവധി സ്ഥാപനങ്ങൾ അടച്ചുപൂട്ടൽ ഭീഷണി നേരിടുന്നവയുമാണ്. ടൂറിസത്തെ പ്രോത്സാഹിപ്പിക്കുന്ന മലപ്പുറം ജില്ലയിൽ യാതൊരു മാനദണ്ഡവും പാലിക്കാതെ അനധികൃത ഭക്ഷണ വിൽപ്പനശാലകൾ മറ്റു ഹോട്ടലുകൾക്ക് ഭീഷണിയായിരിക്കയാണെന്നും ഭാരവാഹികൾ വിലയിരുത്തി.
റംസാൻ കാലത്തു പോലും നിരവധി ഹോട്ടലുകൾ മലപ്പുറം ജില്ലയിൽ തുറന്ന് പ്രവർത്തിച്ചിരുന്നുവെന്നും ഭാരവാഹികൾ വ്യക്തമാക്കി.