മലപ്പുറം നഗരസഭയുടെ ചങ്ക്സ് ഓട്ടോ പദ്ധതി തൊഴിലാളി ദിനത്തിൽ
1542292
Sunday, April 13, 2025 5:40 AM IST
രജിസ്ട്രേഷൻ 15ന്
മലപ്പുറം: നഗരസഭ പ്രദേശത്തെ ആയിരത്തോളം വരുന്ന ഓട്ടോറിക്ഷ തൊഴിലാളികളുടെ ക്ഷേമത്തിന് മലപ്പുറം നഗരസഭ സമഗ്ര പദ്ധതികൾക്ക് തുടക്കം കുറിക്കുന്നു. 2025-26 വാർഷിക ബജറ്റിൽ പ്രഖ്യാപിച്ച പദ്ധതികളാണ് പ്രഖ്യാപിച്ച് രണ്ടാഴ്ചകൾക്കുള്ളിൽ നഗരസഭ നടപ്പാക്കുന്നത്.
നഗരസഭ പ്രദേശത്തെ മുഴുവൻ ടാക്സി, ചരക്ക് ഓട്ടോ തൊഴിലാളികൾക്കും അപകടങ്ങളിൽ പെടുന്പോൾ ചികിത്സക്ക് 50000 രൂപയുടെയും മരണം സംഭവിക്കുന്ന സാഹചര്യത്തിൽ അനന്തരാവകാശികൾക്ക് ഒരു ലക്ഷം രൂപയും ഉൾപ്പെടെ നൽകുന്ന ഇൻഷ്വറൻസ് പദ്ധതിയാണ് ചങ്ക്സ് ഓട്ടോ.
ഈ പദ്ധതി മേയ് ഒന്നിന് തൊഴിലാളി ദിനത്തിൽ തുടക്കം കുറിക്കും. സംസ്ഥാനത്ത് ആദ്യമായാണ് ഒരു തദ്ദേശ സ്ഥാപനം ഓട്ടോറിക്ഷ തൊഴിലാളികൾക്കായി ഇൻഷ്വറൻസ് പദ്ധതി ആരംഭിക്കുന്നത്. കുറഞ്ഞ വരുമാനത്തിൽ ജോലി ചെയ്യുന്ന ഓട്ടോ തൊഴിലാളികളുടെ ജീവനും ജോലിക്കും സുരക്ഷിതത്വം നൽകുകയാണ് ലക്ഷ്യം.
ഇൻഷ്വറൻസ് പദ്ധതിയിൽ അംഗങ്ങളാകുന്ന ഓട്ടോറിക്ഷ ഡ്രൈവർമാരുടെയും ഇൻഷ്വറൻസ് പ്രീമിയം നഗരസഭ കണ്ടെത്തി നൽകും. പദ്ധതിയിൽ അംഗങ്ങളാകുന്ന ഓട്ടോറിക്ഷ തൊഴിലാളികൾക്ക് പൂർണമായും സൗജന്യമായാണ് പദ്ധതിയുടെ ആനുകൂല്യം ലഭ്യമാകുന്നത്. കോർപ്പറേറ്റ് സോഷ്യൽ റെസ്പോണ്സിബിലിറ്റി (സിഎസ്ആർ) ഫണ്ടുകൾ കണ്ടെത്തിയാണ് നഗരസഭ ഈ മാതൃകാ പദ്ധതി ആരംഭിക്കുന്നത്.
വീഴ്ച മൂലം ഉണ്ടാകുന്ന അപകടങ്ങൾ, തീപ്പൊള്ളൽ, പാന്പ്, മറ്റ് ക്ഷുദ്രജീവികളിൽ നിന്നുണ്ടാകുന്ന അപകടങ്ങൾ ഉൾപ്പെടെയുള്ളവ ഇൻഷ്വറൻസ് പരിരക്ഷയുടെ ഭാഗമായി ലഭ്യമാകും. 15ന് രാവിലെ 10 മണിക്ക് മലപ്പുറം മുൻസിപ്പൽ ടൗണ്‍ഹാളിൽ നടക്കുന്ന രജിസ്ട്രേഷൻ ക്യാന്പ് മുഖേന രജിസ്റ്റർ ചെയ്യുന്ന ഓട്ടോ തൊഴിലാളികളുടെയും ലിസ്റ്റ് തയാറാക്കിയാണ് ഇൻഷ്വറൻസ് പദ്ധതിയിൽ അംഗങ്ങളാക്കുന്നത്. പദ്ധതിയിൽ പങ്കെടുക്കുന്നതിന് ഓട്ടോറിക്ഷ ഡ്രൈവർമാർക്കുള്ള അപേക്ഷാഫോം വിതരണം നഗരസഭ കൗണ്‍സിലർമാർ വഴി ആരംഭിച്ചു.
രജിസ്ട്രേഷൻ ക്യാന്പിൽ മലപ്പുറം ഐ ഫൗണ്ടേഷന്റെ സഹകരണത്തോടുകൂടി ഓട്ടോ തൊഴിലാളികൾക്ക് സൗജന്യ നേത്രപരിശോധനയും ആസ്റ്റർ മിംസ് കോട്ടക്കലിന്റെ സഹകരണത്തോടെ ജീവിതശൈലി രോഗങ്ങളെക്കുറിച്ചും ഫസ്റ്റ് എയ്ഡ് ചികിത്സയെക്കുറിച്ചുമുള്ള ക്ലാസുകൾ ഓട്ടോറിക്ഷ തൊഴിലാളികൾക്ക് നൽകും. പദ്ധതി തുടർന്ന് മറ്റു മേഖലകളിലേക്കും വ്യാപിപ്പിക്കുമെന്ന് നഗരസഭ ചെയർമാൻ മുജീബ് കാടേരി അറിയിച്ചു.