കാർ മതിലിൽ ഇടിച്ച് നാലു വയസുകാരിക്ക് ദാരുണാന്ത്യം
1542141
Saturday, April 12, 2025 10:39 PM IST
എടപ്പാൾ: കാർ സ്റ്റാർട്ട് ചെയ്യുന്നതിനിടെ പിറകിലെ മതിലിൽ ഇടിച്ചുണ്ടായ അപകടത്തിൽ നാലു വയസുകാരി മരിച്ചു. വടക്കേക്കാട് കൊച്ചന്നൂർ സ്വദേശി ഊക്കയിൽ ജാബിറിന്റെയും എടപ്പാൾ സ്വദേശി മഠത്തിൽ വളപ്പിൽ മുഹമ്മദലിയുടെ മകൾ സജ്നയുടെയും മകൾ അംറു ബിൻത് ആണ് ദാരുണമായി മരിച്ചത്.
വെള്ളിയാഴ്ച രാത്രി 12മണിയോടെയാണ് അപകടം. എടപ്പാൾ ഹൈസ്കൂളിന് സമീപത്ത് സ്വന്തം വീട്ടിൽ വിരുന്നെത്തിയതായിരുന്നു സജ്നയും കുഞ്ഞും. മറ്റു ബന്ധുക്കളും വീട്ടിൽ വിരുന്നെത്തിയിരുന്നു. ഭക്ഷണം കഴിച്ച ശേഷം തിരിച്ച് പോകുന്നതിനായി ബന്ധുവായ യുവതി വീട്ടിൽ നിർത്തിയിട്ട കാർ സ്റ്റാർട്ട് ചെയ്തതോടെ പെട്ടെന്ന് പിറകോട്ട് പോയി കാർ വീടിന്റെ മതിലിൽ ഇടിച്ച് നിൽക്കുകയായിരുന്നു.
കാറിന് പിറകിൽ നിന്നിരുന്നവരാണ് അപകടത്തിൽപ്പെട്ടത്. ഗുരുതര പരിക്കേറ്റ അംറു ബിൻതിനെ എടപ്പാളിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മുഹമ്മദലിയുടെ സഹോദരി സുബൈദക്കും മകൾ ആലിയക്കും ബന്ധുവായ സിത്താരക്കുമാണ് പരിക്കേറ്റത്.
ഇവരെ എടപ്പാളിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ആലിയയുടെ പരിക്ക് ഗുരുതരമായതിനാൽ പിന്നീട് കോട്ടക്കലിലെ സ്വകാര്യാശുപത്രിയിലേക്ക് മാറ്റി.