വിഷം അകത്തു ചെന്ന യുവതിയും മരിച്ചു
1542140
Saturday, April 12, 2025 10:39 PM IST
മഞ്ചേരി : മഞ്ചേരിക്കയ്ക്കടുത്ത് ആനക്കയത്ത് വിഷം കഴിച്ച് ചികിത്സയിലായിരുന്ന യുവതിയും മരിച്ചു. കോഴിക്കോട് വെസ്റ്റ് ഹിൽ സ്വദേശി കാന്പുറത്ത് തോമസിന്റെ മകൾ ലൗലി (44) ആണ് മരിച്ചത്.
ആനക്കയം ആയുർവേദ ആശുപത്രി ജീവനക്കാരിയായ ലൗലി പുള്ളിയിലങ്ങാടിയിലെ മാനാപറന്പിൽ വാടക ക്വാർട്ടേഴ്സിൽ ആണ്‍സുഹൃത്തിനൊപ്പം താമസിച്ചുവരികയായിരുന്നു. കൂടെ ഉണ്ടായിരുന്ന ആണ് സുഹൃത്ത് പാലക്കാട് കണ്ണാന്പ്ര കല്ലേരി വലിയപറന്പ് കിഴക്കേവീട് ദിവാകരൻ എന്ന രാജു (45) കഴിഞ്ഞ വ്യാഴാഴ്ച മരിച്ചിരുന്നു.
ലൗലി വർഷങ്ങളായി ദിവാകരനൊപ്പമാണ് താമസിക്കുന്നതെന്ന് ബന്ധുക്കൾ പറഞ്ഞു. രണ്ട് വർഷം മുന്‍പാണ് ഇവർ ആനക്കയത്ത് എത്തിയത്. സാന്പത്തിക ബാധ്യത മൂലം ആത്മഹത്യ ചെയ്തതാണെന്നാണ് പ്രാഥമിക നിഗമനം.
വ്യാഴാഴ്ച രാവിലെ മുതൽ അയൽവാസി പലപ്പോഴായി ദിവാകരനെ ഫോണ്‍ വിളിച്ചു കിട്ടാതായപ്പോൾ ലൗലിയുടെ ആദ്യവിവാഹത്തിലെ മകനെയും പോലീസിലും വിവരം അറിയിച്ചു. പോലീസ് വാതിൽ തുറന്നപ്പോഴാണ് ഇരുവരും കിടപ്പുമുറിയിൽ നിലത്ത് കിടക്കുന്നത് കണ്ടത്. ദിവാകരൻ സംഭവസ്ഥലത്തു വച്ച് തന്നെ മരിച്ചിരുന്നു. ഗുരുതരാവസ്ഥയിലായിരുന്ന ലൗലിയെ മഞ്ചേരി മെഡിക്കൽ കോളജാശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു.
ചികിത്സ ഫലിക്കാതെ ഇന്നലെ ഉച്ചക്കുശേഷം മൂന്നരയോടെ ലൗലി മരിച്ചു. മൃതദേഹം പോസ്റ്റ്മോർട്ടത്തിന് ശേഷം ഇന്ന് ബന്ധുക്കൾക്ക് വിട്ടു നൽകും. അഞ്ജലി, അജയ്, ആകാശ് എന്നിവരാണ് ലൗലിയുടെ മക്കൾ. മാതാവ് : ഹെലൻ ഫെർണാണ്ടസ്.