പദ്ധതി നിർവഹണം: വണ്ടൂർ ബ്ലോക്ക് പഞ്ചായത്ത് ഒന്നാമത്
1542045
Saturday, April 12, 2025 5:53 AM IST
മഞ്ചേരി: സാന്പത്തിക വർഷത്തെ (2024-25) പദ്ധതി നിർവഹണത്തിൽ വണ്ടൂർ ബ്ലോക്ക് പഞ്ചായത്ത് ജില്ലയിൽ ഒന്നാം സ്ഥാനത്ത്. സംസ്ഥാന സർക്കാരിന്റെ വികസന ഫണ്ട്, കേന്ദ്ര ധനകാര്യ കമ്മിഷൻ ഗ്രാന്റ് തുടങ്ങിയ ഫണ്ടുകൾ ഫലപ്രദമായി ഉപയോഗിച്ചാണ് ഈ നേട്ടം കൈവരിച്ചത്. പട്ടികജാതി മേഖലയിൽ വയോജന പാർക്കുകൾ, വിജ്ഞാനവാടി കേന്ദ്രങ്ങൾ, തൊഴിൽ സംരംഭ കേന്ദ്രങ്ങൾ, ഭാവന സുരക്ഷാ പദ്ധതികൾ, തൊഴിൽ സംരംഭങ്ങൾ എന്നിവയും കാർഷിക മേഖലയിൽ അടിസ്ഥാന കർഷകരുടെ ക്ഷേമ പദ്ധതികൾ,
ആരോഗ്യമേഖലയിൽ താലൂക്ക് ആശുപത്രിയിൽ നൂതന അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കൽ, മരുന്നുകൾ ലഭ്യമാക്കൽ, ഭിന്നശേഷി മേഖലയിൽ തെറാപ്പി സെന്റർ പ്രവർത്തനം, പോരുർ, തിരുവാലി ഗ്രാമ പഞ്ചായത്തുകളിൽ എനി ടൈം വാട്ടർ മെഷീൻ സ്ഥാപിക്കൽ, മാലിന്യസംസ്കരണ മേഖലയിൽ ബ്ലോക്ക് പഞ്ചായത്ത് പരിധിയിലുള്ള ആറ് ഗ്രാമപഞ്ചായത്തിലെ മുഴുവൻ വാർഡുകളിൽ ബോട്ടിൽ ബൂത്ത് സ്ഥാപിക്കൽ,
വിവിധ കേന്ദ്രങ്ങളിൽ ഓപ്പണ്‍ ജിം സ്ഥാപിക്കൽ തുടങ്ങിയ പദ്ധതികൾ നടപ്പാക്കി. ഭരണ സമിതി അംഗങ്ങളുടെയും ജീവനക്കാരുടെയും ഒറ്റക്കെട്ടായ പ്രവർത്തനമാണ് ഈ നേട്ടത്തിന് ഇടയാക്കിയതെന്ന് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി.കെ. അസ്ക്കർ ആമയൂർ പറഞ്ഞു.