ഡ്രൈവറില്ലാതെ ഓടിയ ലോറി കട തകർത്തു
1541733
Friday, April 11, 2025 5:37 AM IST
കരുവാരകുണ്ട്: ഡ്രൈവറില്ലാതെ ഉരുണ്ടുവന്ന ലോറി പഴക്കട തകർത്തു. കരുവാരകുണ്ട് പുന്നക്കാട് ചുങ്കത്ത് ഇന്നലെ രാവിലെ 11.30നാണ് സംഭവം. ചുങ്കം പെട്രോൾ പമ്പിന് സമീപത്തെ ഒഴിഞ്ഞ പറമ്പിൽ പാർക്ക് ചെയ്തിരുന്ന ലോറിയാണ് തനിയെ പിന്നോട്ട് ഉരുണ്ടുവന്നത്.
മേലാറ്റൂർ-കരുവാരകുണ്ട് പാത മുറിച്ച് കടന്ന ലോറി തയ്യിൽ റഫീഖിന്റെ പഴക്കടയിൽ ഇടിച്ചാണ് നിന്നത്. റോഡിൽ മറ്റു വാഹനങ്ങൾ ഇല്ലാത്തതും, ലോറി വരുന്നത് കണ്ട് റഫീഖ് ഒഴിഞ്ഞ് മാറിയതും വലിയ അപകടം ഒഴിവാക്കി.
റഫീഖിന്റെ കടയ്ക്ക് പുറമെ സമീപത്തെ ഹോട്ടൽ കെട്ടിടവും തകർന്നിട്ടുണ്ട്. ഏകദേശം ഒരു ലക്ഷം രൂപയിലധികം നഷ്ടം കണക്കാക്കുന്നു.