നാടൻ പച്ചക്കറി വിപണിയിലില്ല: വിഷുവിന് ആശ്രയം തമിഴ്നാടൻ പച്ചക്കറി
1541721
Friday, April 11, 2025 5:33 AM IST
കരുവാരകുണ്ട്: വിഷു മുന്നിൽകണ്ട് ചെയ്ത നേന്ത്രവാഴ കൃഷിയും പച്ചക്കറികളും വരൾച്ചയിലും ചുഴലികാറ്റിലും നശിച്ചതിനെ തുടർന്ന് നേന്ത്രക്കായ വില കുതിക്കുന്നതോടൊപ്പം നാടൻ പച്ചക്കറികൾ മാർക്കറ്റുകളിൽ കിട്ടാക്കനിയുമായി. വിഷു വിപണി സജീവമാകാനൊരുങ്ങുന്ന സാഹചര്യത്തിലാണ് നേന്ത്രക്കായ വില കുതിച്ചുയരുന്നത്.
ഏതാനും മാസങ്ങൾക്ക് മുമ്പുവരെ മൂന്ന് കിലോ നേന്ത്രപ്പഴം 100 രൂപയ്ക്കാണ് വില്പന നടത്തിവന്നിരുന്നതെങ്കിൽ ഇപ്പോൾ ഒരു കിലോ നാടൻ നേന്ത്രപ്പഴത്തിന് 80 രൂപയ്ക്ക് മുകളിലാണ് വില. നാടൻ നേന്ത്രക്കായോടാണ് ജനങ്ങൾക്ക് ഏറെ താല്പര്യം. മലയോര മേഖലയിൽ പ്രതികൂല കാലാവസ്ഥയിൽ നനച്ചു വളർത്തിയ പതിനായിരക്കണക്കിന് കുലച്ച നേന്ത്രവാഴകളാണ് വേനൽമഴയോടൊപ്പം ആഞ്ഞുവീശിയ ചുഴലിക്കാറ്റിൽ നിലംപൊത്തിയത്.
തമിഴ്നാട്, കർണാടക തുടങ്ങിയ സംസ്ഥാനങ്ങളിൽ നിന്നും ഈ വർഷം നേന്ത്രക്കായ കേരളത്തിലേക്ക് വരാത്തതും വില വർധനവിന് സാഹചര്യം സൃഷ്ടിച്ചതായി വ്യാപാരികളും ചൂണ്ടി കാട്ടുന്നു.
പച്ചമുളകിന്റെ വില 50ല്‍ നിന്ന് 70 രൂപയിലെത്തി. നാടൻ നേന്ത്രക്കായയുടെ വിലയും ഇരട്ടിയോളമായി. മാങ്ങ, നാരങ്ങ എന്നിവയുടെ വില നൂറുരുപയ്ക്ക് മുകളിലാണ്. നാടൻ വെള്ളരി മാർക്കറ്റിൽ കാണാനേയില്ല. പച്ചക്കറിക്ക് പുറമെ പലവ്യഞ്ജനങ്ങള്‍ക്കും വില കൂടി. തക്കാളി, വെണ്ട, സവാള എന്നിവയുടെ വിലയില്‍ കാര്യമായ വ്യത്യാസം വന്നിട്ടില്ല.
ഇനിയും വില വര്‍ധിച്ചേക്കുമെന്നാണ് വ്യാപാരികള്‍ പറയുന്നത്. അതേസമയം വിഷുവിപണി ലക്ഷ്യംവച്ച് ഒരുപാട് പ്രതീക്ഷകളുമായി മലയോര മേഖലയിൽ പച്ചക്കറി കൃഷിയിറക്കിയ കര്‍ഷകർക്ക് വിപരീത കാലാവസ്ഥ കനത്ത സാമ്പത്തിക നഷ്ടമാണ് വരുത്തിയത്.
ഇതേ തുടര്‍ന്ന് വിപണിയിലേക്ക് നാടന്‍ പച്ചക്കറിയുടെ വരവും കുറഞ്ഞു. കര്‍ണാടക, ആന്ധ്ര, തമിഴ്നാട് എന്നിവിടങ്ങളില്‍ കൃഷി നാശം സംഭവിച്ചതിനെ തുടർന്നാണ് സംസ്ഥാനത്തേക്കുള്ള പച്ചക്കറിയുടെ വരവു കുറയാൻ കാരണം.