ആരോഗ്യദിനത്തിൽ റാലിയും ബോധവത്കരണവും
1541129
Wednesday, April 9, 2025 5:48 AM IST
പെരിന്തൽമണ്ണ: ലോകാരോഗ്യദിനത്തിൽ പെരിന്തൽമണ്ണ തേക്കിൻകോട് ജനകീയ ആരോഗ്യകേന്ദ്രത്തിന്റെയും എംഇഎസ് പോളിക്ലിനിക്കിന്റെയും പ്രാദേശിക ക്ലബുകളുടെയും സംയുക്ത ആഭിമുഖ്യത്തിൽ സന്ദേശ റാലിയും ബോധവത്കരണവും സംഘടിപ്പിച്ചു. ഇതിന്റെ ഭാഗമായി കുട്ടികളുടെ സൈക്കിൾ റാലിയും പോസ്റ്റർ രചനാ മത്സരവും നടത്തി. കൗണ്‍സിലർ ഹനീഫ് ഉദ്ഘാടനം ചെയ്തു.
വാർഡ് കൗണ്‍സിലർ എം.കെ. സരോജ അധ്യക്ഷത വഹിച്ചു. കോഴിക്കോട് ഡെപ്യൂട്ടി മുൻ ഡിഎംഒയും എംഇഎസ് പോളിക്ലിനിക് കമ്മ്യൂണിറ്റി മെഡിസിൻ വിഭാഗം ഡോക്ടറുമായ സെബാസ്റ്റ്യൻ ബോധവത്കരണ ക്ലാസെടുത്തു.
പോസ്റ്റർ രചനാ മത്സര വിജയിയായ ആരുഷിന് ഉപഹാരവും നൽകി. ജെപിഎച്ച്എൻ കെ.വി. യദു, കൗണ്‍സിലർമാരായ സുനിൽ, ജാഫർ, ഹെൽത്ത് ഇൻസ്പെക്ടർ സിദ്ദീഖ്, അനന്ദു, തസ്ലിന, ആശാ പ്രവർത്തകർ, അങ്കണവാടി പ്രവർത്തകർ, കുടുംബശ്രീ പ്രവർത്തകർ എന്നിവർ പ്രസംഗിച്ചു.
എടക്കര: എടക്കര ഗ്രാമപഞ്ചായത്ത് കുടുംബാരോഗ്യ കേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ ലോകാരോഗ്യ ദിനാചരണത്തിന്റെ ഭാഗമായി സന്ദേശ റാലി നടത്തി. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഒ.ടി. ജയിംസ് ഉദ്ഘാടനം ചെയ്തു.
കുടുംബാരോഗ്യം മെഡിക്കൽ ഓഫീസർ ഡോ. കെ.എം. അമീൻ ഫൈസൽ അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ. ആയിശക്കുട്ടി, ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സണ്‍ സിന്ധു പ്രകാശ്, പഞ്ചായത്തംഗങ്ങളായ പി. മോഹനൻ, ലിസി സുലൈഖ, ഫസിൻ മുജീബ്, ഹെൽത്ത് ഇൻസ്പെക്ടർ ഇൻ ചാർജ് ജോജു വർഗീസ്, ആബിദ് പാറപ്പുറം എന്നിവർ പ്രസംഗിച്ചു.
വിവേകാനന്ദ പഠനകേന്ദ്രത്തിലെ ഹെൽത്ത് വിഭാഗം വിദ്യാർഥികൾ, ആരോഗ്യ പ്രവർത്തകർ, ആശാ പ്രവർത്തകർ, എച്ച്എംസി അംഗങ്ങൾ എന്നിവർ റാലിയിൽ പങ്കെടുത്തു.