മലയോര ഹൈവേ: രണ്ട് റീച്ചുകളിലേക്കായി എത്തിയത് 11 ടെൻഡറുകൾ
1540856
Tuesday, April 8, 2025 6:06 AM IST
നിലന്പൂർ: നായാടംപൊയിൽ മലയോര ഹൈവേ ടെൻഡറിൽ പങ്കെടുത്തത് 11 പേർ. മൈലാടി മുതൽ മൂലേപ്പാടം വരെയുള്ള ആദ്യറീച്ചിന് അഞ്ച് ടെൻഡറുകളും മൂലേപ്പാടം മുതൽ നായാടംപൊയിൽ വരെയുള്ള രണ്ടാം റീച്ചിന് ആറ് ടെൻഡറുകളുമാണ് ലഭിച്ചത്. ടെൻഡറുകളുടെ പരിശോധ നടത്തി. സാധുവായ ടെൻഡറുകളിൽ കുറഞ്ഞ നിരക്കിലുള്ള ടെൻഡർ ചെയ്ത കരാറുകാർക്ക് ആയിരിക്കും നിർമാണ ചുമതല ലഭിക്കുക.
മൈലാടി മുതൽ മൂലേപ്പാടം വരെയുള്ള ഒന്പത് കിലോമീറ്ററിന് 46 കോടിയും മൂലേപ്പാടം മുതൽ നായാടംപൊയിൽ വരെയുള്ള രണ്ടാം റീച്ചിന് 74 കോടി രൂപയുമാണ് കിഫ്ബി ഫണ്ടിൽ അനുവദിച്ചിട്ടുള്ളത്. കേരള റോഡ് ഫണ്ട് ബോർഡിനാണ് ചുമതല. നിലന്പൂരിൽ നിന്ന് കോഴിക്കോട്ടേക്കുള്ള എളുപ്പ റോഡാണിത്. നൂറുക്കണക്കിന് മലയോര കർഷകർക്കും 40 ലേറെ ആദിവാസി നഗറുകൾക്കും റോഡ് പ്രയോജനപ്പെടും.