മഞ്ചേരിയിലെ ഗതാഗത പരിഷ്കാരം: 17ന് ട്രയൽ റണ്‍
1541123
Wednesday, April 9, 2025 5:48 AM IST
മഞ്ചേരി: നഗരത്തിൽ റീജിയണൽ ട്രാൻസ്പോർട്ട് അഥോറിറ്റിയുടെ (ആർടിഎ) തീരുമാന പ്രകാരം നടപ്പാക്കാൻ നിർദേശിച്ച ഗതാഗത പരിഷ്കാരത്തിന്റെ ട്രയൽ റണ്‍ ഈ മാസം 17 മുതൽ നടത്തും. ട്രാഫിക് റെഗുലേറ്ററി കമ്മിറ്റിയാണ് രണ്ട് ദിവസത്തേക്ക് ട്രയൽ റണ്‍ നടത്താൻ തീരുമാനിച്ചത്. പിന്നീട് പോലീസ്, മോട്ടോർ വാഹന വകുപ്പ്, നഗരസഭ എന്നിവർ ചേർന്ന സംയുക്ത പരിശോധന നടത്തി തുടർനടപടി സ്വീകരിക്കും.
മഞ്ചേരിയിലൂടെ കടന്നുപോകുന്ന മുഴുവൻ ബസുകൾ സെൻട്രൽ ജംഗ്ഷനിലൂടെ നഗരത്തിലെത്തുന്ന തരത്തിലാണ് പുതിയ പരിഷ്കാരം. ഇതിന് പുറമെ നഗരത്തിലെ പ്രധാന റോഡുകൾ വണ്‍വേ സംവിധാനം ആരംഭിക്കാനും നിർദേശമുണ്ട്. പരിഷ്കാരത്തിന് മുന്നോടിയായി നഗരത്തിലെ വിവിധയിടങ്ങളിൽ അടയാള ബോർഡുകൾ സ്ഥാപിക്കും.
ഇലക്ട്രിക് ഓട്ടോറിക്ഷകൾക്ക് നഗരത്തിൽ സ്റ്റാൻഡ് അനുവദിക്കില്ല. എന്നാൽ നഗരത്തിലൂടെ സർവീസ് നടത്തുന്നതിന് തടസമില്ല. മെഡിക്കൽ കോളജ് പരിസരത്തെ അനധികൃത പാർക്കിംഗ് തടയും. മെഡിക്കൽ കോളജിലെത്തുന്ന രോഗികൾക്ക് പരമാവധി ആശുപത്രിക്ക് അകത്ത് തന്നെ പാർക്കിംഗ് സൗകര്യം ഒരുക്കാൻ ആശുപത്രി അധികൃതരോട് നിർദേശിച്ചു. കച്ചേരിപ്പടി ഇന്ദിരാഗാന്ധി ബസ് ടെർമിനലിൽ വിവിധ വകുപ്പുകൾ പിടിച്ച വാഹനങ്ങൾ നീക്കം ചെയ്യും.
സ്കൂൾ, ടൂറിസ്റ്റ് ബസുകൾ സ്റ്റാൻഡിൽ അനധികൃതമായി നിർത്തിയിടുന്നത് ഒഴിവാക്കും. ട്രാഫിക് റെഗുലേറ്ററി കമ്മിറ്റി യോഗത്തിൽ നഗരസഭാ ചെയർപേഴ്സണ്‍ വി.എം. സുബൈദ, തഹസിൽദാർ കെ. മുകുന്ദൻ, മഞ്ചേരി എസ്എച്ച്ഒ ഡോ.എം. നന്ദഗോപൻ, എംവിഐ കെ.ജി. ദിലീപ് കുമാർ, ട്രാഫിക് എസ്ഐ അബൂബക്കർ കോയ, പൊതുമരാമത്ത് നിരത്ത് വിഭാഗം ഓവർസിയർ പി.അനു, മുനിസിപ്പൽ സെക്രട്ടറി പി.സതീഷ് കുമാർ എന്നിവർ സംബന്ധിച്ചു.