സ്പോർട്സ് അക്കാഡമിയുടെ സമ്മർ ക്യാന്പിന് തുടക്കം
1541124
Wednesday, April 9, 2025 5:48 AM IST
വണ്ടൂർ: വിദ്യാർഥികൾക്കിടയിൽ ലഹരിയുടെ ഉപയോഗം വർധിച്ച സാഹചര്യത്തിൽ കളിക്കളങ്ങൾ സജീവമാക്കുക എന്ന ലക്ഷ്യത്തോടെയുള്ള വണ്ടൂർ വിഎംസി സ്പോർട്സ് അക്കാഡമിയുടെ നേതൃത്വത്തിലുള്ള സമ്മർക്യാന്പിന് തുടക്കം.
വിവിധ കായിക ഇനങ്ങൾക്കാണ് കായിക അധ്യാപകൻ ഡി.ടി. മുജീബിന്റെ നേതൃത്വത്തിൽ സൗജന്യ വിദഗ്ദ പരിശീലനം നൽകുന്നത്. വണ്ടൂർ വിഎംസി മൈതാനത്താണ് അവധിക്കാല ആരോഗ്യ കായിക വിദ്യാഭ്യാസ പദ്ധതിക്ക് തുടക്കമായത്.
വിവിധ കായിക ഇനങ്ങളിലൂടെ വിദ്യാർഥികളുടെ കായികക്ഷമതയും നൈപുണ്യവും ആരോഗ്യവും വർധിപ്പിക്കുക, മികച്ച കായികതാരങ്ങളെ വാർത്തെടുക്കുക, കളികളിലൂടെ കുട്ടികളുടെ മാനസികവും ശാരീരികവും സാമൂഹികവുമായ വളർച്ച ഉറപ്പുവരുത്തുക എന്നതാണ് ലക്ഷ്യങ്ങൾ.
അവധിക്കാല സൗജന്യ പരിശീലനത്തിൽ ആറ് വയസു മുതൽ 17 വയസു വരെ പ്രായമുള്ള ആണ്‍കുട്ടികൾക്കും പെണ്‍കുട്ടികൾക്കും പങ്കെടുക്കാം. ഫുട്ബോൾ, ക്രിക്കറ്റ്, കബഡി, ഖോ- ഖോ, തുടങ്ങി 12 ഇനങ്ങളിലാണ് പരിശീലനം നൽകുന്നത്.