വീടുകളിലെ പ്രസവം തടയാൻ ശക്തമായ ബോധവത്കരണം ആവശ്യം: പി. ഉബൈദുള്ള എംഎൽഎ
1540870
Tuesday, April 8, 2025 6:06 AM IST
മലപ്പുറം: ജില്ലയിൽ വീടുകളിലെ പ്രസവവും അതേ തുടർന്നുള്ള മരണവും റിപ്പോർട്ട് ചെയ്യപ്പെടുന്ന സാഹചര്യത്തിൽ ശക്തമായ ബോധവത്കരണം അനിവാര്യമാണെന്ന് പി. ഉബൈദുള്ള എംഎൽഎ പറഞ്ഞു. ആരോഗ്യവകുപ്പ് സംഘടിപ്പിച്ച ജില്ലാതല ആരോഗ്യദിനാചരണവും "കുഞ്ഞോമന ജനിക്കേണ്ടത് ഏറ്റവും സുരക്ഷിത കരങ്ങളിൽ, പ്രസവം സുരക്ഷിതമാക്കാൻ ആശുപത്രി തന്നെ തെരഞ്ഞെടുക്കാം’ എന്ന കാന്പയിന്റെ ഉദ്ഘാടനവും മലപ്പുറം കോട്ടക്കുന്ന് ഡിഡിപിസി ഹാളിൽ നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
വീടുകളിലെ പ്രസവം തടയാനും ബോധവത്കരണ പരിപാടികൾ നാം സ്വീകരിക്കണം. ശരിയായ ചികിത്സ, നല്ല പെരുമാറ്റം, അടിസ്ഥാന സൗകര്യങ്ങൾ എന്നിവ സർക്കാർ ആശുപത്രികളിൽ ഉറപ്പുവരുത്താൻ നമുക്ക് കഴിയണമെന്നും അദ്ദേഹം പറഞ്ഞു.
"ആരോഗ്യകരമായ തുടക്കം പ്രതീക്ഷാനിർഭരമായ ഭാവി’ എന്നതാണ് ഈ വർഷത്തെ ആരോഗ്യ ദിനാചരണത്തിന്റെ മുദ്രാവാക്യം. സംസ്ഥാനത്ത് ഏറ്റവും കൂടുതൽ വീട്ടിലെ പ്രസവം റിപ്പോർട്ട് ചെയ്യുന്ന മലപ്പുറം ജില്ലയിൽ ആശുപത്രിയിലെ പ്രസവം പ്രോത്സാഹിപ്പിക്കുന്നതിനുള്ള ബോധവത്കരണ പ്രവർത്തനങ്ങളും ബോധവത്കരണ നാടകങ്ങളും സെമിനാറുകളും സാമൂഹിക സാംസ്കാരിക നേതാക്കളെ ഉൾപ്പെടുത്തിക്കൊണ്ടുള്ള ചർച്ചകളും കാന്പയിന്റെ ഭാഗമായി നടക്കും.
ദിനാചരണത്തിന് തുടക്കം കുറിച്ച് ജില്ലാ ഭരണകൂടവും ആരോഗ്യവകുപ്പും സംയുക്തമായി ജില്ലാ കളക്ടറുടെ വസതിയിൽ നിന്ന് സിവിൽ സ്റ്റേഷൻ വരെ ആരോഗ്യ സന്ദേശറാലി സംഘടിപ്പിച്ചു. ജില്ലാ കളക്ടർ വി.ആർ. വിനോദ് റാലി ഫ്ളാഗ് ഓഫ് ചെയ്തു. റാലിയിൽ സിവിൽ സ്റ്റേഷനിലെ ജീവനക്കാർ പങ്കെടുത്തു. ചടങ്ങിൽ ജില്ലാ മെഡിക്കൽ ഓഫീസർ ഡോക്ടർ ആർ. രേണുക അധ്യക്ഷത വഹിച്ചു. പ്രമുഖർ സംബന്ധിച്ചു.