നിലന്പൂർ ഉപതെരഞ്ഞെടുപ്പ്; കോണ്‍ഗ്രസിനുള്ളിൽ സ്ഥാനാർഥി ചർച്ച മുറുകുന്നു
1541122
Wednesday, April 9, 2025 5:48 AM IST
നിലന്പൂർ: നിലന്പൂർ ഉപതെരഞ്ഞെടുപ്പിന് ഏതു നിമിഷവും തിയതി പ്രഖ്യാപിക്കാനിരിക്കേ കോണ്‍ഗ്രസിനുള്ളിൽ സ്ഥാനാർഥി നിർണയ ചർച്ച മുറുകുന്നു. കെപിസിസി ജനറൽ സെക്രട്ടറി ആര്യാടൻ ഷൗക്കത്ത്, ഡിസിസി പ്രസിഡന്റ് വി.എസ്. ജോയ് എന്നിവരുടെ പേരുകളാണ് പ്രഥമ പട്ടികയിലുള്ളത്.
നിലന്പൂർ ഉപതെരഞ്ഞെടുപ്പിൽ ആര്യാടൻ മുഹമ്മദിന്റെ തട്ടകം തിരിച്ചു പിടിക്കുക എന്നതിന് മുൻഗണന നൽകി തന്നെയാകും കോണ്‍ഗ്രസ് സ്ഥാനാർഥി പ്രഖ്യാപനമെന്ന കാര്യത്തിൽ സംശയമില്ല. മലയോര മേഖലകളിലുൾപ്പെടെ ആര്യാടൻ മുഹമ്മദിന് ഉണ്ടായിരുന്ന രാഷ്ട്രീയവും വ്യക്തിപരവും സാമുദായികപരവുമായ ബന്ധങ്ങൾ കോണ്‍ഗ്രസിന് പ്രയോജനപ്പെടുത്താൻ കഴിഞ്ഞാൽ യുഡിഎഫിന് നിലന്പൂരിൽ ചരിത്ര വിജയം നേടാനാകുമെന്നും കോണ്‍ഗ്രസ് വിലയിരുത്തുന്നു.
നിലന്പൂർ മണ്ഡലത്തെ 11 തവണ പ്രതിനിധികരിക്കുകയും നാല് തവണ മന്ത്രി സ്ഥാനം വഹിക്കുകയും ചെയ്ത ആര്യാടൻ മുഹമ്മദിന് നിലന്പൂരിലെ ജനങ്ങൾക്കിടയിൽ ഉണ്ടായിരുന്ന സ്വാധീനം വളരെ വലുതായിരുന്നു.
ആര്യാടൻ മുഹമ്മദ് മുന്നിൽ നിന്ന് നയിക്കാത്ത ആദ്യ തെരഞ്ഞെടുപ്പിനാണ് നിലന്പൂർ ഒരുങ്ങുന്നത്. അതിനാൽ തന്നെ ഈ തെരഞ്ഞെടുപ്പിൽ ഏറ്റവും കൂടുതൽ ചർച്ച ചെയ്യപ്പെടുന്നതും ആര്യാടൻ മുഹമ്മദിന്റെ പേര് തന്നെയാകും. മലബാറിലെ ഏറ്റവും പ്രഗൽഭരായ കോണ്‍ഗ്രസ് നേതാക്കളിൽ ഒരാളായിരുന്നു ആര്യാടൻ മുഹമ്മദ്.
മലപ്പുറം ജില്ലയിൽ കോണ്‍ഗ്രസിന്റെ ഏറ്റവും ശക്തമായ മണ്ഡലമാണ് നിലന്പൂർ. അതിനാൽ കോണ്‍ഗ്രസിന് വിജയം അഭിമാന പ്രശ്നവുമാണ്. ആര്യാടൻ മുഹമ്മദിന്റെ തട്ടകത്തിൽ അദ്ദേഹത്തിന്റെ മകനും കെപിസിസി ജനറൽ സെക്രട്ടറിയുമായ ആര്യാടൻ ഷൗക്കത്തിന് സീറ്റ് നൽകുന്നത് ഗുണം ചെയ്യുമെന്ന അഭിപ്രായം പാർട്ടിക്കുള്ളിൽ വലിയൊരു വിഭാഗത്തിനുണ്ട്.
നിലന്പൂർ പഞ്ചായത്ത് പ്രസിഡന്റ്, നഗരസഭാ ചെയർമാൻ എന്നീ കാലയളവിൽ കൊണ്ടുവന്ന പദ്ധതികളിലൂടെ തന്റെ നേതൃപാടവം ഷൗക്കത്ത് തെളിയിച്ചിട്ടുണ്ട്. സാംസ്കാരിക സാഹിതി ചെയർമാൻ, നിലന്പൂർ പാട്ടുത്സവ ടൂറിസം ഫെസ്റ്റിവൽ കമ്മിറ്റി ചെയർമാൻ, സിനിമാ തിരക്കഥാകൃത്ത് എന്നീ നിലകളിലെ പ്രവർത്തനങ്ങളും ഇദ്ദേഹത്തിന്റെ സ്ഥാനാർഥിത്വത്തിന് ബലം കൂട്ടുന്നതാണ്.
2016-ലെ പരാജയത്തിന് നിലന്പൂർ ഉപതെരഞ്ഞെടുപ്പിലൂടെ മറുപടി നൽകാൻ ഒരവസരം ആര്യാടൻ ഷൗക്കത്തിന് നൽകണമെന്ന അഭിപ്രായവും കോണ്‍ഗ്രസിൽ ഉയർന്നിട്ടുണ്ട്. ഡിസിസി പ്രസിഡന്റ് വി.എസ്. ജോയ് ആകട്ടെ കെഎസ്യു സംസ്ഥാന പ്രസിഡന്റ്, ഡിസിസി പ്രസിഡന്റ് എന്നി നിലകളിൽ മികച്ച സംഘാടക പാടവവും കഴിവും തെളിയിച്ച വ്യക്തിയാണ്.
യുവത്വത്തിന്റെ പരിഗണന കൂടി നൽകി വി.എസ്. ജോയിക്ക് സീറ്റ് നൽകണമെന്ന ആവശ്യവും കോണ്‍ഗ്രസിനുള്ളിൽ ശക്തമാണ്. 2026 നിയമസഭാ തെരഞ്ഞെടുപ്പ് ഏറെ വെല്ലുവിളിയാകും, അതിനാൽ തന്നെ എല്ലാ വശങ്ങളും പരിശോധിച്ചായിരിക്കും കോണ്‍ഗ്രസ് സ്ഥാനാർഥി പ്രഖ്യാപനം നടത്തുക.