മൂകയും ബധിരയുമായ സ്ത്രീയെ കബളിപ്പിച്ചു ; ഉദ്യോഗസ്ഥരുടെ വീഴ്ച അന്വേഷിക്കാൻ നിർദേശം
1540868
Tuesday, April 8, 2025 6:06 AM IST
മലപ്പുറം: പൊന്നാനി നഗരസഭയുടെ പഞ്ചവത്സര പദ്ധതിയുടെ ഭാഗമായി വീടു നിർമിക്കാൻ സ്ഥലം വാങ്ങിയ ബധിരയും മൂകയുമായ നിർധന സ്ത്രീയെ, ഡാറ്റാ ബാങ്കിൽ ഉൾപ്പെട്ട സ്ഥലം നൽകി കബളിപ്പിച്ചെന്ന പരാതിയിൽ പൊന്നാനി മുനിസിപ്പൽ സെക്രട്ടറിയുടെയും പട്ടികജാതി വികസന ഓഫീസറുടെയും വീഴ്ച അന്വേഷിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ ജുഡീഷൽ അംഗം കെ. ബൈജുനാഥ്. തദ്ദേശ വകുപ്പ് സെക്രട്ടറിക്കാണ് നിർദേശം നൽകിയത്.
നെയ്തല്ലൂർ സ്വദേശിനി അംബികയുടെ ദുരവസ്ഥയെക്കുറിച്ച് അന്വേഷിക്കാനാണ് നിർദേശം.
വീട് നിർമിക്കുന്നതിനായി പരാതിക്കാരി സ്വയം വസ്തു വാങ്ങിയപ്പോൾ ആവശ്യമായ ഉപദേശങ്ങൾ നൽകാൻ പട്ടികജാതി വികസന ഓഫീസർക്ക് നിയമാനുസൃതവും ധാർമികവുമായ ഉത്തരവാദിത്വമുണ്ടായിരുന്നതായി കമ്മീഷൻ ചൂണ്ടിക്കാണിച്ചു. പരാതിയെക്കുറിച്ച് മനുഷ്യാവകാശ കമ്മീഷനിലെ മുഖ്യ അന്വേഷണ ഉദ്യോഗസ്ഥൻ അന്വേഷണം നടത്തിയിരുന്നു.
ഭൂമി തരംമാറ്റുന്നതിന് പരാതിക്കാരി സമർപ്പിച്ച അപേക്ഷ ഒരു പ്രത്യേക കേസായി പരിഗണിച്ച് അനുകൂല നടപടി സ്വീകരിക്കാൻ കഴിയുമോയെന്ന് റവന്യൂ സെക്രട്ടറി പരിശോധിക്കണമെന്ന് കെ. ബൈജുനാഥ് ആവശ്യപ്പെട്ടു.സർക്കാർ പദ്ധതികളുടെ മാർഗരേഖകളിലെ പോരായ്മയും നിർവഹണ ഉദ്യോഗസ്ഥരുടെ അലംഭാവവും അർഹരായവർക്ക് ആനുകൂല്യം ലഭിക്കുന്നതിൽ തടസം നിൽക്കുന്നതായി കമ്മീഷൻ ചൂണ്ടിക്കാണിച്ചു.
മാർഗരേഖയിലെ നിബന്ധനകൾ പറഞ്ഞ് ഉദ്യോഗസ്ഥർ ഒഴിയാറുണ്ടെന്നും കമ്മീഷൻ നിരീക്ഷിച്ചു. ഉത്തരവിന്റെ അടിസ്ഥാനത്തിൽ സ്വീകരിച്ച നടപടികൾ റവന്യൂ, തദ്ദേശസ്വയംഭരണ സെക്രട്ടറിമാർ രണ്ട് മാസത്തിനുള്ളിൽ കമ്മീഷനെ അറിയിക്കണം. അംബികക്ക് വേണ്ടി പി.കെ. അബ്ദുൾ റഹീം സമർപ്പിച്ച പരാതിയിലാണ് നടപടി.