നിയമപരമായ നടപടികൾ തേടണം: എം.കെ. റഫീഖ
1540869
Tuesday, April 8, 2025 6:06 AM IST
മലപ്പുറം: വീടുകളിൽ പ്രസവം നടക്കുന്നുവെന്ന വാർത്തകൾ ഞെട്ടിക്കുന്നതാണെന്ന് ജില്ലാപഞ്ചായത്ത് പ്രസിഡന്റ് എം.കെ. റഫീഖ. വീടുകളിലെ പ്രസവം സംബന്ധിച്ച് വിവിധ മേഖലകളിൽ പ്രവർത്തിക്കുന്നവരെ ഉൾപ്പെടുത്തി ആരോഗ്യവകുപ്പ് വിളിച്ചുചേർത്ത യോഗത്തിൽ സംസാരിക്കുകയായിരുന്നു അവർ.
ജില്ലയിൽ ഇത്തരത്തിലുള്ള സംഭവം ആവർത്തിക്കാതിരിക്കാൻ ആരോഗ്യവകുപ്പ് ജാഗ്രതയോടെ മുന്നോട്ട് പോകണം. സാധ്യമാകുമെങ്കിൽ നിയമപരമായ നടപടികൾ തേടണം. ഇതിനെതിരേ വാർഡ് തലത്തിൽ ശക്തമായ ബോധവത്കരണം ആവശ്യമാണെന്നും വീട്ടിൽ നടക്കുന്ന പ്രസവത്തിന്റെ അപകടം സംബന്ധിച്ച് വീഡിയോകൾ തയാറാക്കി സാമൂഹ്യമാധ്യമങ്ങൾ വഴി പ്രചാരണം നൽകണമെന്നും ജില്ലാപഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞു.
മലപ്പുറം കോട്ടക്കുന്ന് ഡിടിപിസി ഹാളിൽ നടന്ന യോഗത്തിൽ ജില്ലാമെഡിക്കൽ ഓഫീസർ ഡോ.ആർ. രേണുക അധ്യക്ഷത വഹിച്ചു. ജില്ലാ ആർസിഎച്ച് ഓഫീസർ ഡോ. പമീലി വീടുകളിൽ നടക്കുന്ന പ്രസവം സംബന്ധിച്ച വിശദാംശങ്ങൾ യോഗത്തിൽ അവതരിപ്പിച്ചു. മഞ്ചേരി ഗവണ്മെന്റ് മെഡിക്കൽ കോളജ് പ്രിൻസിപ്പൽ ഡോ. കെ.കെ. അനിൽ രാജ്, മെഡിക്കൽ കോളജ് സൂപ്രണ്ട് ഡോ. ആർ. പ്രഭുദാസ്, പീഡിയാട്രിക് വിഭാഗം തലവൻ ഡോ. സി.പി. അഷ്റഫ്, എംഇഎസ് മെഡിക്കൽ കോളജ് ഗൈനക്കോളജി വിഭാഗം പ്രഫസർ ഡോ. മുംതാസ്, എൻഎച്ച്എം പ്രോഗ്രാം ഓഫീസർ ഡോ. അനൂപ്, വനിതാ-ശിശു വികസന ഓഫീസർ കെ.വി. ആശാമോൾ, കാലിക്കട്ട് സർവകലാശാലയിലെ സോഷ്യോളജി വിഭാഗം തലവൻ ഡോ. ആർ. പ്രസാദ് തുടങ്ങിയവർ പങ്കെടുത്തു.