ചുങ്കത്തറ പഞ്ചായത്ത് പുരസ്കാരം ഏറ്റുവാങ്ങി
1541131
Wednesday, April 9, 2025 5:48 AM IST
ചുങ്കത്തറ: മാലിന്യമുക്ത നവകേരളം പുരസ്കാര നേട്ടവുമായി ചുങ്കത്തറ ഗ്രാമപഞ്ചായത്ത്. മാലിന്യശേഖരണത്തിൽ ചുങ്കത്തറ ഗ്രാമപഞ്ചായത്തിലെ ഹരിത കർമസേനയുടെ കാര്യക്ഷമമായ പ്രവർത്തനമാണ് പുരസ്കാര നേട്ടത്തിലെത്തിച്ചത്. വരുമാന വർധനവിലും കൃത്യമായ ട്രാൻസ്പോർട്ടേഷൻ പ്ലാനിംഗിലുമാണ് ചുങ്കത്തറ ഹരിത കർമസേന ഒന്നാമതെത്തിയത്.
20 വാർഡുകളിലായി 40 ഹരിത കർമസേന അംഗങ്ങളാണ് ചുങ്കത്തറയിൽ ജോലി ചെയ്യുന്നത്. മാസത്തിൽ പഞ്ചായത്തിലെ മുഴുവൻ വീടുകളിലും ആഴ്ചയിൽ ഒരുതവണ വ്യാപാര സ്ഥാപനങ്ങളിലും നേരിട്ടെത്തി പാഴ് വസ്തുക്കൾ ശേഖരിക്കുകയും യഥാസമയം ഇവ തരം തിരിച്ച് കയറ്റി അയയ്ക്കുകയും ചെയ്യുന്നു.
600 മുതൽ 700 രൂപ വരെ ഇവർ ദിവസക്കൂലിയായി നേടുന്നുണ്ട്. ചുങ്കത്തറ ഹരിത കർമസേനയ്ക്കുള്ള പുരസ്കാരം മലപ്പുറത്തു നടന്ന ചടങ്ങിൽ പി. ഉബൈദുള്ള എംഎൽഎയിൽ നിന്ന് ചുങ്കത്തറ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വത്സമ്മ സെബാസ്റ്റ്യനും ഹരിത കർമസേനാംഗങ്ങളും ചേർന്ന് ഏറ്റുവാങ്ങി.