നിലന്പൂർ ഉപതെരഞ്ഞെടുപ്പ്: യുഡിഎഫ് സജ്ജമെന്ന് എ.പി. അനിൽകുമാർ എംഎൽഎ
1540871
Tuesday, April 8, 2025 6:06 AM IST
നിലന്പൂർ: നിലന്പൂർ ഉപതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസ് നേതൃത്വതല സംഗമം നടത്തി. കോണ്‍ഗ്രസും യുഡിഎഫും ഉപതെരഞ്ഞെടുപ്പിന് സജ്ജമാണെന്ന് എ.പി.അനിൽകുമാർ എംഎൽഎ. നിലന്പൂരിൽ നിയോജക മണ്ഡലം കോണ്‍ഗ്രസ് നേതൃതല യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. 2016ൽ നഷ്ടപ്പെട്ട മണ്ഡലം തിരിച്ചുപിടിക്കുന്നതിനാണ് മുൻഗണന.
സ്ഥാനാർഥി നിർണയം ഒരു വിഷയമല്ല, തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചാൽ ഉടൻ തന്നെ സ്ഥാനാർഥിയെ പ്രഖ്യാപിക്കും. കെപിസിസി നൽകുന്ന ലിസ്റ്റ് പരിശോധിച്ച് ഹൈക്കമാൻഡായിരിക്കും സ്ഥാനാർഥിയെ പ്രഖ്യാപിക്കുക. പി.വി. അൻവറുമായുള്ള തെരഞ്ഞെടുപ്പ് കാര്യങ്ങളിൽ പാർട്ടി നേതൃത്വമായിരിക്കും തീരുമാനമെടുക്കുകയെന്നും അദ്ദേഹം പറഞ്ഞു.
ഹൈക്കമാൻഡ് പ്രഖ്യാപിക്കുന്ന സ്ഥാനാർഥിക്കായി യുഡിഎഫ് ഒറ്റക്കെട്ടായി രംഗത്തിറങ്ങും. സ്ഥാനാർഥി നിർണയവുമായി ബന്ധപ്പെട്ട് നിലവിൽ ഒരു പ്രശ്നവുമില്ല. ആര് സ്ഥാനാർഥിയായാലും റിക്കാർഡ് ഭൂരിപക്ഷത്തിൽ വിജയിക്കും. എൽഡിഎഫ് ആരെ സ്ഥാനാർഥിയാക്കിയാലും അത് തങ്ങളെ ബാധിക്കുന്ന പ്രശ്നമല്ല. കഴിഞ്ഞ ഒന്‍പത് വർഷം നിലന്പൂരിനെ വികസനത്തിൽ പിന്നോട്ട് നയിച്ച പിണറായി സർക്കാരിന് എതിരെയായിരിക്കും മുഖ്യമായും തെരഞ്ഞെടുപ്പ് പ്രചാരണം നടത്തുകയെന്നും അനിൽകുമാർ പറഞ്ഞു.
കഴിഞ്ഞ എട്ടര വർഷം എംഎൽഎയായിരുന്ന പി.വി. അൻവറിനെ ഒപ്പം നിർത്തി നിലന്പൂരിന്റെ വികസന പിന്നാക്കാവസ്ഥ എങ്ങനെ തെരഞ്ഞെടുപ്പ് പ്രചാരണമാക്കുമെന്ന ചോദ്യത്തിന് അനിൽകുമാർ വ്യക്തമായ മറുപടി നൽകിയില്ല. തെരഞ്ഞെടുപ്പിൽ എല്ലാ വിഭാഗങ്ങളുടെയും വോട്ടുകൾ ലഭിക്കുമെന്നും ആരുടെയും വോട്ടുകൾ വേണ്ടെന്ന് പറയില്ലെന്നും അദ്ദേഹം പറഞ്ഞു.
നിലന്പൂർ ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റ് പാലോളി മെഹബൂബ് അധ്യക്ഷത വഹിച്ചു. സ്ഥാനാർഥി ലിസ്റ്റിൽ ഇടംനേടാൻ സാധ്യതയുള്ള കെപിസിസി ജനറൽ സെക്രട്ടറി ആര്യാടൻ ഷൗക്കത്ത്, ഡിസിസി പ്രസിഡന്റ് വി.എസ്.ജോയ് എന്നിവരും നിലന്പൂർ ഉപതെരഞ്ഞെടുപ്പിന്റെ ചുമതലയുള്ള കെപിസിസി ജനറൽ സെക്രട്ടറി സോണി സെബാസ്റ്റ്യൻ, കെപിസിസി ജനറൽ സെക്രട്ടറി പി.കെ. സലീം, എടക്കര ബ്ലോക്ക് പ്രസിഡന്റ് ബാബു തടത്തിൽ, ജില്ലാ പഞ്ചായത്തംഗം എൻ.എ.കരീം, കെപിസിസി അംഗം വി.എ.കരീം, നിലന്പൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി. പുഷ്പവല്ലി, എ. ഗോപിനാഥ്, മണ്ഡലം പ്രസിഡന്റുമാർ, കോണ്‍ഗ്രസിന്റെ ജനപ്രതിനിധികൾ, എടക്കര, നിലന്പൂർ ബ്ലോക്ക് കോണ്‍ഗ്രസ് ഭാരവാഹികൾ, മഹിളാ കോണ്‍ഗ്രസ് ഭാരവാഹികൾ ഉൾപ്പെടെ യോഗത്തിൽ പങ്കെടുത്തു.